മാഞ്ചസ്റ്റര്‍, ബുധന്‍, 10 മാര്‍ച്ച് 2010( 13:50 IST )
PRO
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇന്ന് എ സി മിലാനെ നേരിടാനിറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സന്തോഷ വാര്‍ത്ത. ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വെയ്ന്‍ റൂണി ഇന്ന് മാഞ്ചസ്റ്ററിനു വേണ്ടി കളത്തിലിറങ്ങും. പരുക്കു മൂലം റൂണി കളിക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു.
ഈജിപ്തിനെതിരായ സൌഹൃദ മത്സരത്തിനിടെയാണ് റൂണിയ്ക്ക് പരുക്കേറ്റത്. ഈ സീസണില്‍ മാഞ്ചസ്റ്ററിനായി 28 ഗൊളുകള്‍ നേടി മിന്നുന്ന ഫോമിലാണ് റൂണി. ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ റൂണു പൂര്‍ണമായും ഫിറ്റാണെന്ന് മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ വ്യക്തമാക്കി.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാഞ്ചസ്റ്ററിന്‍റെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ താരമായിരുന്ന ഡേവിഡ് ബെക്കാം വീണ്ടും മാഞ്ചസറ്ററിന്‍റെ മണ്ണിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്. എന്നാല്‍ ഇത്തവണ മാഞ്ചസ്റ്ററിന് വേണ്ടിയല്ല മാഞ്ചസ്റ്ററിനെതിരെയാണ് ബെക്കാം പോരിനിറങ്ങുന്നത്. മിലാന്‍ കുപ്പായത്തിലായിരിക്കും ബെക്കാം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് കളിക്കാനിറങ്ങുക.