ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം നേടാന്‍ ആര്‍സണലിന്‍റെ പീരങ്കിപ്പടയ്ക്കാവില്ലെന്ന് ചെല്‍സി മിഡ്‌ഫീല്‍ഡര്‍ ഡെക്കൊ. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നല്‍കിയ പ്രഹരത്തിനു പുറമെ ചെല്‍സിയും പീരങ്കിപ്പടയെ തുരത്താന്‍ കാത്തിരിക്കുകയാണെന്നും ഡെക്കൊ പറഞ്ഞു.
നാളെയാണ് ചെല്‍സിയുടെ മൈതാനത്ത് ആര്‍സണലുമായുളള പോരാട്ടം. നവംബറില്‍ ആര്‍സണലിന്‍റെ ഹോം ഗ്രൌണ്ടായ എമിറേറ്റ്സില്‍ നടന്ന ആദ്യ പാദത്തില്‍ ചെല്‍സിയുടെ നീലപ്പട എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചിരുന്നു. ആര്‍സണലിന് കരുത്തുറ്റ നിരയുണ്ടെങ്കിലും വമ്പന്‍ മത്സരങ്ങളില്‍ മികവ് കാട്ടാന്‍ ആര്‍സണലിനായിട്ടില്ലെന്നും ഡെക്കൊ പറഞ്ഞു.
നാളത്തെ മത്സരത്തില്‍ തോറ്റാല്‍ ആര്‍സണലിന് പിന്നെ കിരീടപ്രതീക്ഷകള്‍ മറക്കാം. അതു കൊണ്ടു തന്നെ ആര്‍സണലിനെ സംബന്ധിച്ചിടത്തോളം നാളത്തെ മത്സരം ഒരു ജീവന്‍മരണപ്പോരാട്ടമായിരിക്കുമെന്നും ഡെക്കൊ മുന്നറിയിപ്പ് നല്‍കി. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താന്‍ ചെല്‍സിയ്ക്കാവുമെന്നും ഡെക്കൊ അത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെമിയില്‍ ബാര്‍സലോണയോട് ചെല്‍സി അടിയറവ് പറയുകയായിരുന്നു.