ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ടീമിനെ പ്രതിരോധ നിരയിലെ റിയോ ഫെര്‍ഡിനന്‍റ് നയിക്കും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇംഗ്ലീഷ് ഫുട്ബോളിലെ ‘ബാഡ് ബോയ്‘ ആയ ഫെര്‍ഡി തന്നെയായിരിക്കും ഇംഗ്ലീഷ് പടയെ നയിക്കുകയെന്ന് കോച്ച് ഫാബിയോ കാപ്പെല്ലോ വ്യക്തമാക്കിയിട്ടുണ്ട്.
ഫെര്‍ഡി വിസമ്മതിച്ചാല്‍ മധ്യനിര താരം സ്റ്റീവന്‍ ജെറാര്‍ഡ് നായകന്‍റെ ആംബാന്‍ഡ് അണിയും. 2003ല്‍ ഉത്തേജക മരുന്ന് ഉപയോഗത്തിന് എട്ടു മാസം ഫുട്ബോളില്‍ നിന്ന് വിലക്ക് നേരിട്ടുട്ടുള്ള 31കാരനായ ഫെര്‍ഡിയ്ക്ക് 2004ലെ യൂറോ കപ്പിലും കളിക്കാനായിരുന്നില്ല. മദ്യപിച്ച് കാറോടിച്ച കുറ്റത്തിന്‍റെ പേരില്‍ 1998ലെ ലോകകപ്പും ഫെര്‍ഡിയ്ക്ക് നഷ്ടമായിരുന്നു.
പുറത്തേറ്റ പരുക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ഫുട്ബോളില്‍ നിന്ന് വിട്ടു നിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിശ്വസ്തനായ പ്രതിരോധ താരം അടുത്തിടെയാണ് മത്സര ഫുട്ബോളില്‍ തിരിച്ചെത്തിയത്.
2008ല്‍ ടെറിയെ നായകനായി നാമനിര്‍ദേശം ചെയ്തപ്പോള്‍ തന്നെ കാപ്പെല്ലൊ ഫെര്‍ഡിയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. അടുത്ത മാസം ഈജിപ്തിനെതിരായ സൌഹൃദ മത്സരത്തിലായിരിക്കും ഫെര്‍ഡിയുടെ നായകനായുള്ള അരങ്ങേറ്റം. പ്രമുഖ മോഡലും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിലെ ടെറിയുടെ സഹകളിക്കാരനായ വെയ്ന്‍ ബ്രിഡ്ജിന്‍റെ മുന്‍ കാമുകിയുമായ വനേസ പെറോണ്‍സെലുമായി ടെറി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ജോണ്‍ ടെറിയ്ക്ക് ഇംഗ്ലീഷ് നായസ്ഥാനം നഷ്ടമാക്കിയത്. മറ്റൊരു സഹകളിക്കാരന്‍റെ ഭാര്യയുമായും ടെറിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.