പ്രണയ വിവാദത്തിലകപ്പെട്ട ജോണ്‍ ടെറിയ്ക്ക് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്‍റെ നായക പദവി നഷ്ടമായി. വെള്ളിയാഴ്ച രാത്രി പരിശീലകന്‍ ഫാബിയോ കാപ്പെല്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഫുട്ബോള്‍ അസോസിയേഷന്‍ മേധാവികള്‍ ടെറിയെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെറിയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2006ലാണ് ചെല്‍സി നായകന്‍ കൂടിയായ ടെറി ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്‍റെ കപ്പിത്താനാകുന്നത്. ഒരുപാട് കൂടിയാലോചനകള്‍ക്ക് ശേഷമാണ് ടെറിയെ നായകസ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചതെന്ന് ഇംഗ്ലീഷ് കോച്ച് ഫാബിയോ കാപ്പെല്ലൊ വ്യക്തമാക്കി. നായകനെന്ന നിലയില്‍ ടെറിയുടെ പ്രകടനം അനുപമമായിരുന്നുവെന്നും കാപ്പെല്ലൊ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
പ്രമുഖ മോഡലും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിലെ ടെറിയുടെ സഹകളിക്കാരനായ വെയ്ന്‍ ബ്രിഡ്ജിന്‍റെ മുന്‍ കാമുകിയുമായ വനേസ പെറോണ്‍സെലുമായി ടെറി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇംഗ്ലീഷ് നായകനെ പ്രതിരോധത്തിലാക്കിയത്. മറ്റൊരു സഹകളിക്കാരന്‍റെ ഭാര്യയുമായും ടെറിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.