ഇന്ത്യന്‍ ഷൂട്ടിംഗ് ഫെഡറേഷന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് മതിയാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ റൈഫിള്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്രയല്‍സുകളില്‍ പങ്കെടുക്കണമെന്ന ഫെഡറേഷന്‍റെ കടും പിടുത്തമാണ് ഷൂട്ടിംഗ് മതിയാക്കാന്‍ ഒളിമ്പിക് ജേതാവിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ഡിസംബറില്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ പങ്കെടുക്കാന്‍ ബിന്ദ്ര എത്തിയെങ്കിലും ട്രയല്‍സ് മാറ്റിവെച്ചുവെന്ന് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. ബീജിംഗ് ഒളിമ്പിക്സിന് മുന്‍പ് സ്വന്തം നിലയില്‍ പരിശീലനം നടത്തിയതു പോലെ പരിശീലനം തുടരാന്‍ തന്നെ അനുവദിക്കണമെന്നും ട്രയല്‍സില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ബിന്ദ്ര റൈഫിള്‍സ് അസോസിയേഷനും ദേശീയ കായിക മന്ത്രാലയത്തിനും കത്തെഴുതിയിരുന്നു.
എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ അസോസിയേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് രംഗത്ത് തുടരാന്‍ തനിക്ക് പ്രചോദനമൊന്നുമില്ലെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിന്ദ്ര വ്യക്തമാക്കി. താന്‍ ഒളിമ്പിക് സ്വര്‍ണം നേടുന്നതിനു മുന്‍പ് സ്വന്തം നിലയിലായിരുന്നു പരിശീലനം നടത്തിയിരുന്നതെന്നും അതിന് അനുവദിച്ചില്ലെങ്കില്‍ ഭാവിയില്‍ മെഡല്‍ സ്വപ്നം കാണാന്‍ തനിക്കാവില്ലെന്നും ബിന്ദ്ര വ്യക്തമാക്കി.
ഹോക്കി ഫെഡറേഷന്‍റെ നിലപാടിനെതിരെ കളിക്കാര്‍ രംഗത്തു വന്നത് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് റൈഫിള്‍സ് അസോസിയേഷനെതിരേ ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.