സ്വന്തം മണ്ണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബെസ്കിറ്റാസ് ജെ കെ ആണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്ററിനെ മുട്ടുകുത്തിച്ചത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഇരുപത്തിമൂന്ന് കളികളിലായി സ്വന്തം മണ്ണില്‍ മാഞ്ചസ്റ്റര്‍ കാത്തുസൂക്ഷിച്ച അപരാജിത റെക്കോഡാണ് ഇതോടെ തകര്‍ന്നത്. 2005 ഫെബ്രുവരിയില്‍ എ സി മിലാന്‍ ആയിരുന്നു ഇതിന് മുമ്പ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്ററിനെ തോല്‍പിച്ചത്. അന്നും മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡ് കീഴടങ്ങിയത്.
ഇരുപതാം മിനുട്ടില്‍ ചിലിയുടെ റോഡ്രിഗോ ടെല്ലോ ആണ് ഓള്‍ഡ് ട്രഫോര്‍ഡിലെ വലയനക്കിയത്. മറുപടി ഗോളിനായി മാഞ്ചസ്റ്റര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ബെസ്കിറ്റാസ് ഗോള്‍മുഖം കാത്ത റുസ്റ്റു റെക്ബെറിനെ മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല.