ബുധാപെസ്റ്റ്, ബുധന്‍, 25 നവംബര്‍ 2009( 11:21 IST )
PRO
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് കണ്ണീരോടെ മടക്കം. പ്രാഥമിക റൌണ്ട് കടക്കാനുള്ള അവസാന അവസരത്തില്‍ കളിക്കാര്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും കണക്കിലെ കളി റാഫേല്‍ ബെന്നറ്റ്സിന്‍റെ കുട്ടികളെ പുറത്തേക്ക് തള്ളുകയായിരുന്നു.
ബുധാപെസ്റ്റിലെ ഫെരെങ്ക് പുസ്കാസ് സ്റ്റേഡിയത്തില്‍ ഡെബ്രെസെന്‍ വിഎസ്‌സിയുമായുള്ള മത്സരം വിജയിച്ചെങ്കിലും മറ്റൊരു മത്സരത്തില്‍ ഫിയോറന്‍റീന, ലിയോണിനെ കീഴടക്കിയതോടെയാണ് ലിവര്‍പൂളിന് പുറത്തുപോകേണ്ടിവന്നത്. ഗ്രൂപ്പ് ഇ യില്‍ മത്സരിച്ച ലിവര്‍പൂളിന് അടുത്ത പടി കയറണമെങ്കില്‍ വിജയവും കണക്കിലെ കളികളും അനുകൂലമാകണമായിരുന്നു.
പരുക്കിന്‍റെ പിടിയിലുള്ള ഫെര്‍ണാണ്ടോ ടോറസ് ഇല്ലാതെയാണ് മികച്ച മാര്‍ജിന്‍ അനിവാര്യമായിരുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഇറങ്ങിയത്. ഡേവിഡ് ഗോഗ് ആണ് ലിവര്‍പൂളിന് വേണ്ടി വിജയഗോള്‍ നേടിയത്. അടുത്ത മാസം സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഫിയോറന്‍റിനയ്ക്കെതിരെയാണ് ചാമ്പ്യന്‍സ് ലീഗിലെ ലിവര്‍പൂളിന്‍റെ അവസാന മത്സരം.
2005 ലെ ചാമ്പ്യന്‍മാരാണ് ലിവര്‍പൂള്‍. റാഫേല്‍ ബെന്നറ്റ്സിന്‍റെ കീഴില്‍ പ്രാഥമിക ഘട്ടത്തില്‍ ടീമിന് പുറത്തുപോകേണ്ടിവരുന്നതും ആദ്യമായിട്ടാണ്. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂള്‍ നേടിയിട്ടുണ്ട്. പ്രമുഖ താരങ്ങളുടെ പരുക്ക് മൂലം ഈ സീസണില്‍ ലിവര്‍പൂള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. 11 കളികളില്‍ രണ്ട് കളികള്‍ മാത്രമാണ് സീസണില്‍ അവര്‍ക്ക് വിജയിക്കാനായത്.