കോമണ്‍വെല്‍ത്ത് സംഘാടക സമിതിയില്‍ തന്നെ അവഗണിക്കുന്നതായുള്ള വാര്‍ത്ത സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി നിഷേധിച്ചു. ഇത്തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് വ്യക്തമാക്കിയ കല്‍മാഡി ഇതിന്‍റെ പേരില്‍ രാജിവെക്കില്ലെന്നും വ്യക്തമാക്കി.
സംഘാടകസമിതിയിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെയാണ് കല്‍മാഡിയെ ഒതുക്കുകയാണെന്ന ആരോപണം ഉയര്‍ന്നത്. ഗെയിംസിനായി കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നിയോഗിച്ച സിഇഒ മൈക്ക് ഹൂപ്പറുമായി നേരത്തെയുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഈ വാര്‍ത്തകള്‍ക്ക് ബലം നല്‍കി.
കേന്ദ്രസര്‍ക്കാരുമായി പ്രത്യേക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ കല്‍മാഡി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. തന്‍റെ ആവശ്യപ്രകാരമാണ് പുതിയ ഉദ്യോഗസ്ഥരെ സംഘാടകസമിതിയിലേക്ക് നിയോഗിച്ചതെന്നും കല്‍മാഡി വ്യക്തമാക്കി.
സംഘാടക സമിയുടെ സിഇഒ ആയി ജമൈല്‍ സിംഗിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ജമൈല്‍ സിംഗിനെ സഹായിക്കാനായി മൂന്ന് ഐഎഎസുകാരെയും ചുമതലപ്പെടുത്തിയിരുന്നു. ധനവിനിയോഗ മേല്‍നോട്ടത്തിനായി ഒരു സബ് കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഗെയിംസിനുള്ള ബജറ്റ് തുക സര്‍ക്കാര്‍ ഇരട്ടിയാക്കിയെന്നും ഇതിനാലാണ് ധനവിനിയോഗം ശ്രദ്ധിക്കാന്‍ സബ് കമ്മറ്റിയെ നിയമിച്ചതെന്നും കല്‍മാഡി പറഞ്ഞു.