ലോകത്തെ മികച്ച സ്ക്വാഷ് കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഷിക അവാര്‍ഡിലേക്ക് ഇന്ത്യന്‍ താരവും മലയാളിയുമായ ദീപിക പള്ളിക്കല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. യംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍ വിഭാഗത്തിലാണ് പതിനെട്ടുകാരിയായ ദീപിക നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
മൂന്ന് ഈജിപ്ഷ്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അവാര്‍ഡിനായി ദീപികയ്ക്കൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത ശനിയാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുക.
ബഹുമതിക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ദീപിക പറഞ്ഞു. അവാര്‍ഡ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ ദീപിക പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ദീപികയുടെ മിന്നുന്ന പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. ബ്രട്ടീഷ് ഓപ്പണ്‍ കിരീടം കൂടാതെ യൂറോപ്പിലെ ജൂനിയര്‍ സ്ക്വാഷ് സര്‍ക്യൂട്ടിലെ ജര്‍മ്മന്‍, ഡച്ച്, ഫ്രഞ്ച്, ഓസ്ട്രേലിയന്‍ സ്കോട്ടിഷ് കിരീടങ്ങളും ദീപിക നേടിയിരുന്നു. നിലവില്‍ നാല്‍പത്തിയെട്ടാം റാങ്കിലാണ് ദീപിക.