ഓള്‍ഡ് ട്രഫോര്‍ഡ്, ശനി, 21 നവംബര്‍ 2009( 15:53 IST )
PRO
പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്ഥിരം നായകവേഷമണിയാന്‍ സ്ട്രൈക്കര്‍ വെയ്‌ന്‍ റൂണിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. റൂണിയെ സ്ഥിരമായി നായകചുമതല ഏല്‍പിക്കാന്‍ സമയമായിട്ടില്ലെന്നാണ് കോച്ച് അലക്സ് ഫെര്‍ഗ്യൂസന്‍റെ അഭിപ്രായം.
കഴിഞ്ഞ ദിവസം ബ്രസീലുമായുള്ള സൌഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിച്ചത് റൂണിയായിരുന്നു. ഈ സാഹചര്യത്തിലുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫെര്‍ഗ്യൂസന്‍. സെന്‍റ്‌ര്‍ ഫോര്‍വേഡുകളെ ക്യാപ്റ്റനാക്കുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഫെര്‍ഗ്യൂസന്‍റെ മറുപടി.
മുമ്പ് രണ്ട് തവണ റൂണിയെ ഫെര്‍ഗ്യൂസന്‍ മാഞ്ചസ്റ്ററിനെ നയിക്കാന്‍ നിയോഗിച്ചിരുന്നു. റൂണി ചെറുപ്പമാണെന്ന് പറഞ്ഞ ഫെര്‍ഗ്യൂസന്‍ കുറച്ചുകൂടി പ്രായമായവരെ സ്ഥിരം ക്യാപ്റ്റന്‍മാരാക്കുന്നതിനെയാണ് താന്‍ അനുകൂലിക്കുന്നതെന്നും പറഞ്ഞു. മധ്യനിരയിലോ സെന്‍റര്‍ ബാക്കിലോ കളിക്കുന്ന താരങ്ങളെ നായകചുമതല ഏല്പിക്കുന്നതിനോടാണ് തനിക്ക് യോജിപ്പെന്നും ഫെര്‍ഗ്യൂസന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നായകനായി റൂണി പരാജയമല്ലെന്നും മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫെര്‍ഗ്യൂസന്‍ വിലയിരുത്തുന്നു. നിശ്ചയദാര്‍ഢ്യത്തോടെ, മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയും ആവേശത്തോടെയും കളിക്കളത്തില്‍ മുന്നേറാന്‍ റൂണിക്കാകും. ടീമിന്‍റെ മുഴുവന്‍ പ്രകടനം നോക്കാതെ തന്‍റെ കഴിവിന്‍റെ നൂറ് ശതമാനവും ടീമിനായി സമര്‍പ്പിക്കാന്‍ റൂണിക്കാകുമെന്നും ഒരു ക്യാപ്റ്റന് വേണ്ട അവശ്യഗുണങ്ങളാണ് ഇവയെന്നും ഫെര്‍ഗ്യൂസന്‍ ചൂണ്ടിക്കാട്ടി.