മൈക്കല്‍ ഷൂമാക്കര്‍ ഫോര്‍മുല വണ്ണിലേക്ക് തിരികെ വരുമോ? ഫോര്‍മുല വണ്‍ ട്രാക്കുകളില്‍ ഈ ചോദ്യം വീണ്ടും സജീവമാകുകയാണ്. ബ്രൌണ്‍ ജിപി ടീമിനെ ഏറ്റെടുത്ത മെര്‍സിഡസ് ആണ് ഷൂമാക്കറെ വീണ്ടും എഫ് വണ്‍ ട്രാക്കുകളിലേക്ക് ഇറക്കാന്‍ അണിയറ നീക്കം നടത്തുന്നത്.
മെര്‍സിഡസ് ഏറ്റെടുത്തതോടെ മെര്‍സിഡസ് ജിപി ആയി മാറിയ ടീമിന്‍റെ പ്രിന്‍സിപ്പല്‍ റോസ് ബ്രൌണ്‍ മൂന്നാഴ്ച മുമ്പ് അബുദബിയില്‍ ഷൂമാക്കറെ സന്ദര്‍ശിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഒരു ജര്‍മ്മന്‍ താരം തന്നെ ഡ്രൈവിംഗ് സീറ്റിലെത്തുന്നത് ടീമിന്‍റെ പ്രസിദ്ധി ഉയര്‍ത്തുമെന്ന വിലയിരുത്തലിലാണ് ജര്‍മ്മന്‍ കമ്പനിയായ മെര്‍സിഡസ്. കഴിഞ്ഞ സീസണില്‍ ബ്രൌണ്‍ ജിപിക്ക് കിരീടം നേടിക്കൊടുത്ത ബ്രട്ടീഷ് ഡ്രൈവര്‍ ജെന്‍സന്‍ ബട്ടനെ അവര്‍ ഒഴിവാക്കിയിരുന്നു.
ഫോര്‍മുല വണ്‍ അരങ്ങേറ്റം തന്നെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് മെര്‍സിഡസ് ഷൂമാക്കറെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഫെറാരി നല്‍കിയ ഓഫര്‍ നിരസിച്ച ഷൂമാക്കര്‍ ഇക്കുറി മനംമാറ്റത്തിന് തയ്യാറാകുമോ എന്നാണ് റെയ്സിംഗ് പ്രേമികള്‍ കാത്തിരിക്കുന്നത്.
ടീം ഡ്രൈവറായിരുന്ന ഫിലിപ്പെ മാസയ്ക്ക് ഹംഗേറിയന്‍ യോഗ്യതാ റൌണ്ടിനിടെ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഫെറാരി തങ്ങളുടെ മുന്‍ ചാമ്പ്യനായ ഷൂമാക്കറെ തേടിയെത്തിയിരുന്നത്. എന്നാല്‍ പരുക്ക് മൂലം അന്ന് ഷൂമാക്കര്‍ തിരിച്ചുവരവ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാല്‍ ഫെറാരിയുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഷുമാക്കര്‍ നിലവില്‍ അവരുടെ കണ്‍സള്‍ട്ടന്‍റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മെര്‍സിഡസിന്‍റെ വാഗ്ദാനം ഷുമാക്കര്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഫോര്‍മുല വണ്ണില്‍ ഏഴു തവണ ലോക ചാമ്പ്യനായ താരമാണ് മൈക്കല്‍ ഷുമാക്കര്‍. 2006 ലാണ് നാല്‍പ്പതുകാരനായ ഷുമാക്കര്‍ വിരമിച്ചത്. ജെര്‍മ്മന്‍ സ്വദേശിയായ ഷൂമാക്കര്‍ 250 റെയ്സുകളില്‍ 91 എണ്ണം വിജയിച്ചിട്ടുണ്ട്.