ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഗ്രേറ്റ് ഖാലിക്ക് പഞ്ചാബ് പൊലീസിന്‍റെ ഫ്രീഹിറ്റ്! (Khali suspended from Punjab Police)
Feedback Print Bookmark and Share
 
PRO
പഞ്ചാബ് പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍‌സ്പെക്ടറും റെ‌സ്‌ലിംഗ് താരവുമായ ഗ്രേറ്റ് ഖാലിയെ ഡിപ്പാര്‍ട്ട്‌മെന്‍റ് സസ്പെന്‍ഡ് ചെയ്തു. അനുവദിച്ച അവധി കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനാ‍ണ് നടപടി. ഖാലിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

പഞ്ചാബ് ആംഡ് പോലീസിലെ ഏഴാം ബറ്റാലിയനില്‍ എ‌എസ്‌ഐ ആണ് ഖാലി. ഖാലിയുടെ മെഡിക്കല്‍ അവധി 2008 ഡിസംബറില്‍ അവസാനിച്ചുവെന്നും തുടര്‍ന്നും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനാണ് സസ്പെന്‍ഷനെന്നുമാണ് പഞ്ചാബ് പൊലീസിന്‍റെ വിശദീകരണം. അഞ്ച് വര്‍ഷത്തേക്ക് കൂടി ഖാലി അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇത് നിരസിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

1993 ലാണ് ഏഴടി മൂന്നിഞ്ച് ഉയരമുള്ള ദലീപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി പഞ്ചാബ് പൊലീസില്‍ അംഗമാകുന്നത്. ഒരു സിനിമയുടെ തിരക്കഥപോലെയായിരുന്നു റെ‌സ്‌ലിംഗ് ലോകത്തേക്കുള്ള റാണയുടെ വളര്‍ച്ചയും ഗ്രേറ്റ് ഖാലിയിലേക്കുള്ള പരിവര്‍ത്തനവും.

പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന ഖാലിയെ പഞ്ചാബ് പൊലീസിലെ ഡിജിപി ആയിരുന്ന എം‌എസ് ബുള്ളര്‍ ആണ് സേനയിലേക്ക് എടുത്തത്. പഞ്ചാബ് പൊലീസിന് നിരവധി കായികതാരങ്ങളെ കണ്ടെത്തി നല്‍കിയ ഓഫീസര്‍ ആയിരുന്നു ബുള്ളര്‍. പണമുണ്ടാക്കാന്‍ വേണ്ടി റോഡുജോലിക്കും സെക്യൂരിറ്റി ജോലിക്കും പോയ്ക്കൊണ്ടിരുന്ന സമയത്താണ് ഒത്ത ശരീരമുള്ള ഖാലിയെ ബുള്ളര്‍ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ജലന്ധറിലെ പഞ്ചാബ് ആംഡ് പൊലീസ് കോം‌പ്ലെക്സില്‍ പരിശീലനത്തിനെത്തിയ ഖാലി ജിംനേഷ്യങ്ങളില്‍ പോയി കഠിനമായി പരിശീലനം നടത്തി ശരീരം പുഷ്ഠിപ്പെടുത്തി.

ക്രമേണ റെ‌സ്‌ലിംഗില്‍ ചുവടുറപ്പിച്ച ഖാലി സ്വന്തം പ്രയത്നം കൊണ്ട് റെ‌സ്‌ലിംഗിന്‍റെ തട്ടകമായ വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍‌ടെയ്ന്‍‌മെന്‍റിലും എത്തപ്പെടുകയായിരുന്നു. നിലവില്‍ യു‌എസിലെ അറ്റ്ലാന്‍റയിലാണ് ഖാലിയുടെ താമസം. 14,000 രൂപയാണ് പഞ്ചാബ് പൊലീസില്‍ ഖാലിയുടെ നിലവിലെ ശമ്പളം. എന്നാല്‍ അമേരിക്കന്‍ റെസ്‌ലിംഗ് തട്ടകങ്ങളില്‍ നിന്ന് ഖാലിക്ക് ലഭിക്കുന്നത് ഇതിന്‍റെ നൂറിരട്ടിയാണ്.

മൂന്ന് വര്‍ഷത്തിന് മുമ്പും ഖാലിയെ പഞ്ചാബ് പൊലീസ് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഡിപ്പാര്‍ട്ട്‌മെന്‍റ് ഈ തീരുമാനം തിരുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഖാലി ഒടുവില്‍ ഇന്ത്യയിലെത്തിയത്. രാഷ്ട്രത്തിന്‍റെ അഭിമാനമെന്നാണ് 190 കിലോ ഭാരമുള്ള ഖാലിയെ അന്ന് രാ‍ഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിശേഷിപ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍