കോച്ച് ജോസ് ബ്രാസയുമായുള്ള സ്വരച്ചേര്‍ച്ചയില്‍ ഇന്ത്യന്‍ ഹോക്കിയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നതായി വിവരം. ബ്രാസയോടുള്ള വിരോധം മൂലം പൂനെയില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആറ് കളിക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.
മുതിര്‍ന്ന താരങ്ങളെ തഴഞ്ഞ് ജൂനിയര്‍ കളിക്കാരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള കോച്ചിന്‍റെ തീരുമാനമാണ് ഒരു സംഘം കളിക്കരുടെ പ്രതിഷേധത്തിനിടയാക്കിയതെന്നാണ് വിവരം. ടീമിനുള്ളില്‍ ഇഷ്ടക്കാരെ വളര്‍ത്തുകയാണ് കോച്ച് ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കളിക്കാര്‍ തമ്മിലുള്ള ബന്ധത്തെയും കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുമെന്നും മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് പരിശീലകര്‍ക്കും ബ്രാസയോട് അതൃപ്തിയുണ്ട്. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ തങ്ങളുടെ അഭിപ്രായം ബ്രാസ ചെവിക്കൊള്ളുന്നില്ലെന്നാണ് ഇവരുടെ പരാതി. സന്ദീപ് സിംഗിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴിവാക്കിയതാണ് ഏറ്റവുമൊടുവില്‍ മുതിര്‍ന്ന താരങ്ങളെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.
തങ്ങളുടെ കേളീശൈലി മുഴുവന്‍ മാറ്റി തന്‍റേതായ രീതി അടിച്ചേല്‍പിക്കാനാണ് കോച്ച് ശ്രമിക്കുന്നതെന്നും കളിക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ഹോക്കി അധികൃതര്‍ പ്രതികരിക്കുന്നത്.