അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിന് വേണ്ടി റാഫേല്‍ നദാലും ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയും കളിക്കും. കലാശക്കളിയില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് സ്പെയിന്‍ ഏറ്റുമുട്ടുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തിരിക്കുകയായിരുന്ന നദാല്‍ തിരിച്ചു വരുന്ന വാര്‍ത്ത സ്പെയിന്‍ നായകന്‍ ആല്‍ബര്‍ട്ട് കോസ്റ്റയാണ് അറിയിച്ചത്.
ലോക രണ്ടാം നമ്പര്‍ താരമായ നദാല്‍ സ്വന്തം രാജ്യത്തിന് വേണ്ടി അവസാനമായി കളിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഡേവിസ് കപ്പിന്‍റെ ആദ്യ റൌണ്ടില്‍ സെര്‍ബിയക്കെതിരെയാണ് നദാല്‍ അവസാനമായി കളിച്ചത്. പിന്നീട് പരുക്കേറ്റതിനെ തുടര്‍ന്ന് ജര്‍മ്മനിക്കെതിരെ ജൂലൈയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍, ഇസ്രായേലിനെതിരെ നടന്ന സെമിഫൈനല്‍ എല്ലാം നദാലിന് നഷ്ടമാകുകയായിരുന്നു.
അതേസമയം, റാങ്കിംഗില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന വേര്‍ഡാസ്കോ ഇസ്രായേലിനെതിരെ നടന്ന സെമിയില്‍ പുറത്തിരിക്കുകയായിരുന്നു. ബാര്‍സിലോണയിലെ കളിമണ്‍ കോര്‍ട്ടിലാണ് ഫൈനല്‍ നടക്കുക. രണ്ടായിരത്തിന് ശേഷം ഇത് മൂന്നാം തവണമായാണ് സ്പെയില്‍ ഫൈനലില്‍ എത്തുന്നത്.
2000ല്‍ ആദ്യമായ ഡെവിസ് കപ്പ് കിരീടം നേടിയ സ്പെയിന്‍ 2004, 2008 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായി. ഇതിനു പുറമെ 1965, 1967, 2003 വര്‍ഷങ്ങളില്‍ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.