ബാര്‍സലോണയ്ക്ക് വേണ്ടി കിരീടം നേടുന്നതിനേക്കാള്‍ പ്രധാനം ലോകകപ്പ് നേടുക തന്നെയാണെന്ന് അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പ് നേട്ടത്തിനായി തന്‍റെ ക്ലബ്ബ് തലത്തിലുള്ള എല്ലാം കിരീട നേട്ടങ്ങളും ത്യജിക്കാന്‍ തയ്യാറാണെന്നും മെസ്സി പറഞ്ഞു. ബാര്‍സയ്ക്ക് വേണ്ടി കളിക്കുമ്പോഴുള്ള ആത്മാര്‍ത്ഥത അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ പുറത്തെടുക്കുന്നില്ലെന്ന ആരോപണത്തോട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സൂപ്പര്‍ താരം.
ലോകകപ്പ് നേട്ടത്തോട് മറ്റൊന്നിനെയും താരതമ്യം ചെയ്യാനവില്ല. ഞാന്‍ ദേശീയ ടീമിനുവേണ്ടി കളിക്കുന്നതിനെ കാര്യമാക്കുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ദേശീയ ടീമിനുവേണ്ടി കളിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ ദേശീയ കുപ്പായത്തെ എനിക്ക് വിലമതിക്കേണ്ട കാര്യമില്ല. ദേശീയ ടീമിനുവേണ്ടി കളിക്കാനായി ഇത്രയധികം യാത്രകള്‍ ചെയ്യേണ്ട കാര്യവുമില്ല. ദേശീയ ടീമില്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. അവിടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്. എന്‍റെ രാജ്യത്തിനുവേണ്ടി കളിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ-മെസ്സി പറഞ്ഞു.
ലോകകപ്പ് ജയിക്കുക എന്നതാണ് എനിക്കും അര്‍ജന്‍റീനയ്ക്കും ഏറ്റവും വലിയ കാര്യം. ക്ലബ്ബ് തലത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ം സ്വന്തമാക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ലോകകപ്പിനു വേണ്ടി ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ചില മോശം മത്സരങ്ങളിലൂടെ ഞങ്ങള്‍ കടന്നു പോയി. എന്നാല്‍ ഇനി മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ബാര്‍സയ്ക്ക് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം അര്‍ജന്‍റീനയ്ക്ക് വേണ്ടിയും പുറത്തെടുക്കുമെന്നും മെസ്സി പറഞ്ഞു.