റഫറിക്കെതിരെ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ നാല് കളികളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുപതിനായിരം പൌണ്ട് പിഴയടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് സണ്ടര്‍ലാന്‍ഡുമായുള്ള മത്സരത്തിന്‍റെ ഒടുവിലായിരുന്നു ഫെര്‍ഗൂസന്‍ മാച്ച് റഫറി വിലെയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. കടുത്ത മത്സരത്തില്‍ അവസാന നിമിഷം നേടിയ ഗോളിലൂടെ മാഞ്ചസ്റ്റര്‍ സമനില പിടിച്ച് തടി രക്ഷിക്കുകയായിരുന്നു. കളിയില്‍ അധികസമയം അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഫെര്‍ഗ്യൂസന്‍റെ പരാമര്‍ശം.
ഒരു മികച്ച കളിയില്‍ വിലെയെ റഫറിയാക്കാന്‍ കൊള്ളില്ലെന്നായിരുന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ ഫെര്‍ഗൂസന്‍റെ കുറ്റപ്പെടുത്തല്‍. തെറ്റ് അംഗീകരിച്ച് നേരത്തെ ഫെര്‍ഗൂസന്‍ മാപ്പപേക്ഷിച്ചിരുന്നു. ഫുട്ബോളിനായി ഫെര്‍ഗൂസന്‍ നല്‍കിയ എല്ലാ സംഭാവനകളും മാനിച്ചാണ് ശിക്ഷാ നടപടിയെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം ചെല്‍സിക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷവും ഫെര്‍ഗ്യൂസന്‍ റഫറിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു.