ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. നിലവിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയും നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ മാറ്റുരക്കുമ്പോള്‍ കാണികളെ കാത്തിരിക്കുന്നത് തീ പാറുന്ന പോരാട്ടം. ജയിക്കുന്നവര്‍ക്ക് ലീഗിലെ ഒന്നാം സ്ഥാനമെന്ന പ്രലോഭനവും മുന്നിലുണ്ട്.
ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിജിലാണ് മത്സരമെന്നതും ഇതുവരെയുള്ള ഫോമും നോക്കിയാല്‍ നീലപ്പടയ്ക്ക് തന്നെയാണ് ജയസാധ്യത. 11 കളികളില്‍നിന്ന് 27 പോയിന്‍റാണ് ചെല്‍സിയുടെ സമ്പാദ്യമെങ്കില്‍ ഇത്രയുംതന്നെ കളികളില്‍നിന്ന് യുണൈറ്റഡിന് 25 പോയിന്‍റുണ്ട്. സമനില തെറ്റാതെ കാത്താല്‍ ചെല്‍സിക്ക് ഒന്നാം സ്ഥാനത്ത് തുടരാം.
കഴിഞ്ഞ അഞ്ചു ഹോം മല്‍സരങ്ങളിലും ചെല്‍സി പരാജയമറിഞ്ഞിട്ടില്ല. യുണൈറ്റഡ് കഴിഞ്ഞ അഞ്ച് എവേ മല്‍സരങ്ങളില്‍ മൂന്നിലും വിജയിച്ചു. എങ്കിലും ലിവര്‍പൂളിനോടെറ്റ തോല്‍വി അവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
സസ്പെന്‍ഷനിലുള്ള ഗാരി നെവിലിനു പകരം ജോണ്‍ ഒ ഷിയ ആയിരിക്കും യുണൈറ്റഡ് നിരയില്‍ ഇറങ്ങുക. പരുക്കേറ്റ റിയോ ഫെര്‍ഡിനാന്റിനും സ്ഥാനം സൈഡ് ബെഞ്ചിലാണ്. പരുക്കു കഴിഞ്ഞെത്തുന്ന നെമാന്യ വിഡിച്ച് ഇന്നു കളിച്ചേക്കും. പാട്രിക് എവ്രയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രതിരോധനിരയില്‍ 3 മാറ്റങ്ങളുമായിട്ടായിരിക്കും യുണൈറ്റഡ് ചെല്‍സിയെ നേരിടാനിറങ്ങുക.