ടെന്നീസ് കോര്‍ട്ടില്‍ കടുപ്പമേറിയ പല എതിരാളികളെയും കീഴടക്കിയിട്ടുണ്ടെങ്കിലും ഇന്ന് നടക്കുന്ന സ്വിസ് ഇന്‍ഡോര്‍ സെമിയില്‍ റോജര്‍ ഫെഡറര്‍ക്ക് നേരിടാനുള്ളത് ഒരു അപൂര്‍വ എതിരാളി (സുഹൃത്ത്)യെ. തന്‍റെ സ്കൂള്‍ സഹപാഠിയായ മാര്‍കൊ ചിയുഡിനെല്ലിയെയാണ് ഫെഡറര്‍ നേരിടുന്നത്.
സ്വന്തം നട്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പരസ്പരം തോല്‍പ്പിക്കാന്‍ ആഗ്രഹിക്കാതെയായിരിക്കും ഇരു താരങ്ങളും ഇറങ്ങുക. റഷ്യന്‍ താരം എവ്‌ജ്നി കൊറോലേവിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 6-2) തകര്‍ത്താണ് ഫെഡറര്‍ സെമിയില്‍ത്തിയത്.
റിച്ചാര്‍ഡ് ഗാസ്കറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ അടിയറവ് പറയിച്ചാണ് ലോക 73 ആം റാങ്കുകാരനായ ചിയുഡിനെല്ലി കളിക്കൂട്ടുകാരനെ നേരിടാന്‍ അര്‍ഹത നേടിയത്. സ്കൂള്‍ സുഹൃത്തുക്കളാണെന്നതിനു പുറമെ ഇരുവരും ഫുട്ബോള്‍ ഗ്രൌണ്ടിലെ പഴയ എതിരാളികളുമാണ്.
ദീര്‍ഘ നാളത്തെ വിശ്രമത്തിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡറര്‍ കഴിഞ്ഞ മൂന്നുതവണയും ഇവിടെ ചാമ്പ്യനായിരുന്നു. 2003 മുതല്‍ സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണമെന്‍റില്‍ ഫെഡറര്‍ തോല്‍വി അറിഞ്ഞിട്ടില്ല.