ദീര്‍ഘ നാളത്തെ വിശ്രമത്തിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകളില്‍ (6-3, 6-3) ആന്ദ്രിയാസ് സെപ്പിയെ ആണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ഫെഡറര്‍ അനായാസം മറികടന്നത്.
കഴിഞ്ഞ മൂന്നുതവണയും ഇവിടെ ചാമ്പ്യനായിട്ടുള്‍ല ഫെഡറര്‍ 2003 മുതല്‍ സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണമെന്‍റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ആവശ്യമുള്ളപ്പോഴെല്ലാം മികവ് ഉയര്‍ത്താന്‍ കഴിഞ്ഞതാണ് തന്‍റെ വിജയം അനായാസമാക്കിയതെന്ന് മത്സരശേഷം ഫെഡറര്‍ പറഞ്ഞു.
വിജയത്തോടെ നാട്ടിലെ മത്സരങ്ങളില്‍ ഫെഡററുടെ റെക്കോര്‍ഡ് 31-6 ആയി മെച്ചപ്പെടുത്താനും ഫെഡറര്‍ക്കായി. കഴിഞ്ഞ 37 മത്സരങ്ങളില്‍ ഫെഡറര്‍ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്. മറ്റൊരു മുന്‍ നിരതാരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്.