സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്പാനിലെ ടയോട്ട മോട്ടോര്‍സ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് ഒരു പ്രമുഖ ജാപ്പനീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കാനായി ടയോട്ട മോട്ടോര്‍സ് ഇന്ന് അടിയന്തര പൊതുയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഉല്‍പ്പാദകരായ ടയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആദ്യം 2012 വരെ ഫോര്‍മുല വണ്ണില്‍ തുടരാന്‍ ടയോട്ട തീരുമാനമെടുത്തിരുന്നെങ്കിലും ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇത് ഉടന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. റേസിംഗ് ടീമിനെ വില്‍ക്കുന്ന കാര്യവും ടയോട്ട ഗൌരവമായി ആലോചിക്കുന്നുണ്ടെന്ന് പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2002 ലാണ് ടയോട്ട ഫോര്‍മുല വണ്‍ സീസണില്‍ ഭാഗഭാക്കായത്. ഈ സീസണില്‍ നിര്‍മാതാക്കളുടെ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതായാണ് ടയോട്ട ഫിനിഷ് ചെയ്തത്. ടയോട്ട കൂടി പിന്‍മാറിയാല്‍ ഫോര്‍മുല വണ്ണില്‍ ജപ്പാനീസ് കാര്‍ നിര്‍മാതാക്കളുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവും. ജൂലൈയില്‍ ജപ്പാനീസ് ഗ്രാന്‍ഡ്പ്രിക്സിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും ടയോട്ട പിന്‍മാറിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ ജപ്പാനിലെ ബ്രിഡ്ജ്സ്റ്റോണ്‍ കോര്‍പറേഷനും എഫ് വണ്ണുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്പാനിലെ മറ്റൊരു പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ എഫ് വണ്‍ ടീമിനെ നേരത്തെ വിറ്റഴിച്ചിരുന്നു.