ട്രാക്കില്‍ ചീറ്റപ്പുലിയുടെ കരുത്തോടെ വേഗതയുടെ മിന്നല്‍പ്പിണര്‍ തീര്‍ക്കുന്ന ഉസൈന്‍ ബോള്‍ട്ടിന് ഇനി ജീവിതത്തിലും ചീറ്റപ്പുലിയുടെ കൂട്ട്. കെനിയന്‍ വന്യജീവി സംരക്ഷണത്തിന്‍റെ ഭാഗമായി ‘ലൈറ്റ്നിംഗ് ബോള്‍ട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചീറ്റക്കുട്ടിയെയാണ് ബോള്‍ട്ട് ദത്തെടുത്തിരിക്കുന്നത്.
ആഫ്രിക്കയില്‍ വംശനാശം നേരിടുന്ന ചീറ്റകളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ദത്തെടുത്ത ലൈറ്റ്‌നിംഗ് ബോള്‍ട്ടിന് 13,700 ഡോളറാണ് ബോള്‍ട്ട് വിലയായി നല്‍കിയത്. നയ്‌റോബിയിലെ മൃഗങ്ങളുടെ അനാഥാലയത്തില്‍ നിന്നാണ് ലൈറ്റ്നിംഗ് ബോള്‍ട്ട് സ്പ്രിന്‍റ് രാജാവിന്‍റെ ജീവിതത്തിലേക്ക് ഓടിയടുത്തത്. ലൈറ്റ്നിംഗ് ബോള്‍ട്ടിന്‍റെ പരിപാലനത്തിനായി പ്രതിവര്‍ഷം 3000 ഡോളര്‍ ബോള്‍ട്ട് നല്‍കും.
മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ കോളിന്‍ ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായതോടെയാണ് ബോള്‍ട്ടും വന്യജീവി സംരക്ഷണ സന്ദേശവുമായി പ്രചരണത്തിനിറങ്ങിയത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബോള്‍ട്ട് കെനിയയിലെത്തിയത്.
വന്യമൃഗങ്ങള്‍ക് പേരുകേട്ട കെനിയന്‍ കാടുകളിലൂടെയുള്ള സഞ്ചാരം താന്‍ ശരിക്കും ആസ്വദിക്കുന്നുവെങ്കിലും സിംഹത്തെ തനിക്ക് ഇപ്പോഴും പേടിയാണെന്ന് ബോള്‍ട്ട് പറഞ്ഞു. പൂര്‍ണ വളര്‍ച്ചയെത്തിയ ഷാരോണ്‍ എന്ന ചീറ്റയോടൊപ്പം നിന്നൊരു ഫോട്ടോയെടുക്കാനായി കെനിയന്‍ പ്രധാനമന്ത്രി റൈല ഒഡിനാഗ് ബോള്‍ട്ടിനെ ക്ഷണിച്ചപ്പോള്‍ ആദ്യം അദ്ദേഹം ഭയത്തോടെ ഓടി മാറി. എന്നാല്‍ ഷാരോണ്‍ ഉപദ്രവകാരിയല്ലെന്ന് കണ്ട ബോള്‍ട്ട് പിന്നീട് ഫോട്ടോസെഷന് നിന്നുകൊടുക്കുകയും ചെയ്തു.