ന്യൂയോര്‍ക്ക്, തിങ്കള്‍, 2 നവംബര്‍ 2009( 19:34 IST )
PRO
ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള അമേരിക്കന്‍ ടെന്നീസ് താരം ആന്ദ്രെ അഗാസിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ അടഞ്ഞ അധ്യായമല്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. പ്രകടനം മെച്ചപ്പെടുത്താനായി ഉത്തേജകമായ ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചതായുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റെ പേരില്‍ അഗാസിക്കെതിരെ കുറ്റം ചുമത്താവുന്നതാണെന്നും വാഡ വ്യക്തമാക്കി.
നിരോധിത മരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ അഗാസിക്കെതിരെ നേരിട്ടുള്ള നടപടിക്ക് ഇപ്പോള്‍ പ്രസ്കതിയില്ലെന്ന് വാഡ ഡയറക്ടര്‍ ജനറല്‍ ഡേവിഡ് ഹൌമാന്‍ പറഞ്ഞു. കാരണം എട്ടുവര്‍ഷ വിലക്കിന്‍റെ പുറത്താണ് സംഭവം നടന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ വാഡക്ക് കാര്യമായൊന്നും ചെയ്യാനില്ല. എന്നാല്‍ താന്‍ നുണപറയുകയായിരുന്നുവെന്ന അഗാസിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയും സത്യമാണെന്ന് ബോധ്യപ്പെടുകയുമാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റം ചുമത്താവുന്നതാണ്.
മുന്‍പ് മരിയന്‍ ജോണ്‍സിനെതിരെ ഇത്തരത്തില്‍ നടപടി എടുത്തകാര്യം ഹൌമാന്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെക്കാര്യം 1997ല്‍ കുറ്റം നിഷേധിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കൂടെ ഉണ്ടായിരുന്നോ എന്നാണ്. അഭിഭാഷകന്‍ കൂടെ ഉണ്ടാവുകയും അഗാസി നുണപറയുകയാണെന്ന് അഭിഭാഷകന് വ്യക്തമായി അറിയുകയും ചെയ്യാമായിരുന്നെങ്കില്‍ ആ രീതിയില്‍ കേസെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് ഹൌമാന്‍ പറഞ്ഞു.
1997 ല്‍ ഉത്തേജക പരിശോധനയില്‍ അഗാസി പരാജയപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അബദ്ധത്തില്‍ മരുന്ന് കഴിച്ചതാണെന്ന് ഉത്തേജക പരിശോധനാ സമിതിയോട് കളവ് പറഞ്ഞ് അന്ന് രക്ഷപ്പെട്ടുവെന്ന് അഗാസി വെളിപ്പെടുത്തി. രണ്ടുവര്‍ഷം വരെ വിലക്കു ലഭിക്കാവുന്നതാണ് ഈ കുറ്റം. ഏകാഗ്രത കിട്ടാനും ഉന്മേഷം ലഭിക്കാനുമായി താന്‍ 'ക്രിസ്റ്റല്‍ മെത്ത്' എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് 'ഓപ്പണ്‍' എന്ന പേരിട്ടിരിക്കുന്ന ആത്മകഥയിലെ വെളിപ്പെടുത്തല്‍.