പ്രമുഖ ടയര്‍ നിര്‍മാതാക്കളായ ജപ്പാനിലെ ബ്രിഡ്ജ്സ്റ്റോണ്‍ കോര്‍പറേഷന്‍ ഫോര്‍മുല വണ്ണുമായുള്ള ടയര്‍ വിതരണ കരാറില്‍ നിന്ന് പിന്‍മാറുന്നു. 2010 അവസാനത്തോടെ ഫോര്‍മുല വണ്ണിനുള്ള ടയര്‍ വിതരണം പൂര്‍ണമായും നിര്‍ത്തുമെന്ന് ബ്രിഡ്ജ്സ്റ്റോണ്‍ അറിയിച്ചു.
ഫോര്‍മുല വണ്‍ അസോസിയേഷനുമായി കരാര്‍ പുതുക്കാന്‍ ശ്രമിക്കില്ലെന്ന് ബ്രിഡ്ജ്സ്റ്റോണ്‍ ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ഫോര്‍മുല വണ്ണില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ആവശ്യമായ ടയറുകള്‍ നല്‍കുന്നത് പ്രധാനമായും ബ്രിഡ്ജ്സ്റ്റോണ്‍ ആയിരുന്നു.
2007 മുതല്‍ ടയര്‍ വിതരണക്കരാര്‍ പൂര്‍ണമായും ബ്രിഡ്ജ്സ്റ്റോണിന് സ്വന്തമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസസന്ധിയാണ് ബ്രിഡ്ജ്സ്റ്റോണിനെ കടുത്ത തീരുമനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും നിര്‍മാണശാലകള്‍ അടച്ചുപ്പൂട്ടാനും 900 ജീവനക്കാരെ വെട്ടിക്കുറക്കാന്‍ ബ്രിഡ്ജ്സ്റ്റോണ്‍ തീരുമാനിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്സ്റ്റോണിന് ജാനുവരി-ജുണ്‍ പാദത്തില്‍ 420 മില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു.