ഫ്രഞ്ച് സൂപ്പര്‍ സീരീസ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സൈന നേവാള്‍ ഒന്നാം സീഡ് ചൈനയുടെ വാംഗ് ലിന്നിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ (21-15, 11-21, 15-21) കീഴടങ്ങി.
49 മിനുറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ സൈന അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്‍റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജ്വാല ഘട്ട-ഡിജു സഖ്യവും കടുത്ത പോരാട്ടത്തിനൊടുവില്‍ ക്വാര്‍ട്ടറില്‍ കീഴടങ്ങി.
ഇന്തോനേഷ്യന്‍ ജോഡികളായ നോവ വിന്‍ഡിയാന്‍റൊ-ലിലിയാന നാറ്റ്സിര്‍ സഖ്യമാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ (21-6, 20-22, 10-21) ജാല-ഡിജു സഖ്യത്തെ കീഴടക്കിയത്. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ ഉജ്ജ്വല പോരാട്ടമാണ് സൈന നടത്തിയത്. നെറ്റ്സില്‍ മികവ് കാട്ടിയെങ്കിലും വാംഗ് ലിന്നിന്‍റെ കരുത്തുറ്റ സ്മാഷുകള്‍ക്ക് മുന്‍പില്‍ സൈന ഒടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
ആദ്യ ഗെയിമില്‍ 5-0 ലീഡിലേക്ക് കുതിച്ച സൈന 21-15 എന്ന സ്കോറില്‍ ഗെയിം സ്വന്തമാക്കി അട്ടിമറി ഭീഷണി ഉഅയര്‍ത്തിയെങ്കിലും രണ്ടു മൂന്നും ഗെയിമുകളില്‍ ശക്തമായി തിരിച്ചടിച്ച ലിന്‍ 11-21, 15-21 എന്ന സ്കോറില്‍ ഗെയിമും സെമി ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു.