അര്‍ജന്‍റീനയുടെ മധ്യനിര താരം ഏയ്ഞ്ചല്‍ ഡി മരിയയെ റാഞ്ചാനുള്ള ശ്രമത്തിലാണ് ചെല്‍സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമായ ചെല്‍സി നേരത്തെ തന്നെ ഡി മരിയയെ ടീമില്‍ കൊണ്ടു വരാനുള്ള പദ്ധതിയിട്ടിരുന്നു. നിലവില്‍ ബെന്‍ഫിക്കന്‍ ടീമംഗമാണ് മരിയ.
എവര്‍ട്ടെനെതിരെ അടുത്തിടെ നടന്ന മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് മരിയയെ കൂടുതല്‍ ശ്രദ്ധേയ താരമാക്കിയത്. അതേസമയം, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബിന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ചെല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാല്‍ മാത്രമെ മരിയയെ ടീമിലെടുക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറുകളില്‍ സൂപ്പര്‍ സ്റ്റാറായി മാറുമെന്ന അര്‍ജന്‍റീനിയന്‍ പരിശീലകന്‍ ഡീഗോ മറഡോണയുടെ വാക്കുകള്‍ മരിയയുടെ പ്രസിദ്ധി ഉയര്‍ത്തുന്നു. ബെന്‍ഫിക്ക നാല്‍പത് ദശലക്ഷം പൌണ്ട് വിലയിട്ടിരിക്കുന്ന മരിയയുടെ റാഞ്ചാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റു ടീമുകളും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.