താന്‍ റയല്‍ മാഡ്രിഡിന്‍റെ രക്ഷകനല്ലെന്ന് സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. റയല്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തനിക്ക് ടീമിന്‍റെ രക്ഷകവേഷം അണിയാനാവില്ലെന്നും റോണൊ പറഞ്ഞു. റയലിന്‍റെ തുടര്‍ച്ചയായ തോല്‍വികളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റോണോ.
ഞങ്ങള്‍ തോറ്റു എന്നത് സത്യമാണ്. ഇത്തരം പരാജയം ആരും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ കളികളിലൊന്നും ടീമിന് നല്ല പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എങ്കിലും ഇതുകൊണ്ടോന്നും ലോകം അവസാനിക്കാന്‍ പോകുന്നില്ല. തല ഉയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ മതിയാവു-റോണോ വ്യക്തമാക്കി.
കിംഗ്സ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ടീമായ അല്‍കോര്‍കോണിനോടേറ്റ തോല്‍വി ശരിക്കും ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഒറ്റ മത്സരം കൊണ്ട് അവസാനിക്കുന്നതല്ല റയലിന്‍റെ ചരിത്രവും പാരമ്പര്യവും. ഈ തോല്‍വിയെ വലുതാക്കി കാണിച്ച് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് വേണ്ടത്. പുതിയ പരിശീലകനും പുതിയ കളിക്കാര്‍ക്കും ട്രാക്കില്‍ തിരിച്ചെത്താന്‍ അല്‍പ്പം കൂടി അവസരം കൊടുക്കണമെന്നും റോണോ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക് മാഴ്സെക്കിതിരായ ഗ്രൂപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ റോണോ മൂന്നാഴ്ചയായി വിശ്രമത്തിലാണ്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ അടുത്ത ആഴ്ച എ സി മിലാനെ നേരിടാനിറങ്ങുമ്പോഴും റയലിന് റോണോയുടെ സേവനം ലഭ്യമാകില്ലെന്നാണ് സൂചന. തുടര്‍ച്ചയായ വിജയങ്ങളോടെ സീസണില്‍ മികച്ച തുടക്കം കുറിച്ച റയല്‍ റോണോക്ക് പരുക്കേറ്റ് പിന്‍മാറിയതോടെ തോല്‍വിയുടെ നിലയില്ലാക്കയത്തിലേക്ക് വീഴുകയായിരുന്നു. ഇതില്‍ അര്‍കാകോണിനോടേറ്റ തോല്വി വലിയ നാണക്കേടുമായി. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോല്‍വി അറിഞ്ഞ റയലിന് ഒരെണ്ണത്തില്‍ മത്രമാണ് ജയിക്കാനായത്.