അടുത്തവര്‍ഷം ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഔദ്യോഗിക കൌണ്ട് ഡൌണ്‍ ആരംഭിച്ചു. പാരമ്പര്യത്തിന്‍റെ പ്രൌഡ പ്രതീകമായ ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയില്‍ നിന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ബാറ്റണ്‍ എറ്റുവാങ്ങിയതോടെയാണ് ഗെയിംസിലേക്ക് കണ്ണുനട്ടിരിക്കുന്ന ഒരു രാജ്യം മുഴുവന്‍ കൌണ്ട് ഡൌണ്‍ ആരംഭിച്ചത്.
ബാറ്റണ്‍ റിലേയില്‍ പങ്കെടുക്കാന്‍ പ്രമുഖ ഇന്ത്യന്‍ കായിക താരങ്ങള്‍ എത്തിയിരുന്നു. ഇന്ത്യയ്ക്ക് ആദ്യ ഒളിംപിക് സ്വര്‍ണം സമ്മാനിച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് ബാറ്റണുമായി ആദ്യം റിലേക്ക് തുടക്കം കുറിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രസിഡന്‍റ് മൈക്ക് ഫെന്നലില്‍ നിന്ന് ബാറ്റണ്‍ എറ്റുവാങ്ങിയ എലിസബത്ത് രാജ്ഞി അത് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കൈമാറി. രാഷ്ട്രപതിയില്‍ നിന്ന് കായിക മന്ത്രി എം എസ് ഗില്‍ ബാറ്റണ്‍ എറ്റുവാങ്ങി. ഗില്ലില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി പ്രസിഡന്റ് സുരേഷ് കല്‍മാഡി ഏറ്റുവങ്ങിയ ബാറ്റണ്‍ ബിന്ദ്രയ്ക്കു കൈമാറി. തുടര്‍ന്ന് റിലേ ആരംഭിച്ചു.
ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാക്കളായ ബോക്സിങ് താരം വിജേന്ദര്‍ സിങ്, ഗുസ്‌തി താരം സുശീല്‍ കുമാര്‍, ഭാരോദ്വഹന താരം കര്‍ണം മല്ലേശ്വരി എന്നിവരെ കൂടാതെ ടെന്നിസ് താരം സാനിയ മിര്‍സ, മുന്‍കാല താരങ്ങളായ മില്‍ഖാ സിങ്, ഗുര്‍ബച്ചന്‍ സിങ് രന്ധാവ, പ്രകാശ് പദുക്കോണ്‍, മിഷ ഗ്രേവാള്‍, മുന്‍ ഹോക്കി ക്യാപ്റ്റന്‍ ദിലിപ് ടിര്‍ക്കി, മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവ് തുടങ്ങിയവരും റിലേയില്‍ പങ്കെടുത്തു.
340 ദിവസംകൊണ്ട് 70 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൂടെ ചുറ്റി 190,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബാറ്റണ്‍ റിലേ കോമണ്‍വെല്‍ത്ത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. പാക്കിസ്ഥാനില്‍നിന്ന് വാഗ അതിര്‍ത്തി വഴി അടുത്ത വര്‍ഷം ജൂണ്‍ 25നാണ് ബാറ്റണ്‍ ഇന്ത്യയിലെത്തുക.
പിന്നീട് 100 ദിവസം കൊണ്ട് ഇന്ത്യയില്‍ 20000 കിലോമീറ്റര്‍ ദൂരം ക്യൂന്‍സ് ബാറ്റണ്‍ പര്യടനം നടത്തും. ഒക്ടോബര്‍ മൂന്നിന് ഗെയിംസിന്റെ പ്രധാന വേദിയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കും.