ഗ്രാന്‍സ്ലാം കിരീടമൊന്നും നേടാതെ തന്നെ ലോക ഒന്നാം നമ്പര്‍ താരമായിരിക്കുന്ന തന്‍റെ കളിയെപ്പറ്റി വിമര്‍ശിക്കുന്നവരെ ഭയമില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം ദിനാര സഫീന. ഇന്ന് പുറത്തിറക്കിയ പുതിയ ടെന്നീസ് റാങ്കിംഗില്‍ അമേരിക്കന്‍ താരം സെറീന വില്യംസില്‍ നിന്ന് ഒന്നാം റാങ്ക് പിടിച്ചെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു സഫീന.
വിമര്‍ശകരെ ഞാന്‍ ഭയക്കുന്നില്ല. അവര്‍ക്ക് എന്തും പറയാന്‍ അവകാശമുണ്ട്. ഞാന്‍ മൂന്ന് ഗ്രാന്‍സ്ലാം ഫൈനലുകളിലും രണ്ട് തവണ സെമിയിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം ഞാന്‍ ജയിച്ചു. എന്നിട്ടും ഞാന്‍ എങ്ങിനെ നമ്പര്‍ വണ്ണായെന്നാണ് അവര്‍ ചോദിക്കുന്നത്.
എന്നാല്‍ മൂന്നുതവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്ന് സഫീന പറഞ്ഞു. ഞാന്‍ ഒരല്‍പ്പം കൂടി പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ഇതുവരെ ഗ്രാന്‍സ്ലാം നേടാനാവത്തതില്‍ എനിക്കും നിരാശയുണ്ട്. അടുത്ത സീസണില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനവുമെന്നാണ് കരുതുന്നത്. എന്നാലൂം 100 ശതമാനം പൂര്‍ണതയോടെ കളിക്കാന്‍ താന്‍ റോബോട്ടല്ലെന്നും സഫീന പറഞ്ഞു.