ജപ്പാന്‍ നീന്തല്‍ താരം കോസുകെ കിതാജിമ വീണ്ടും നീന്തല്‍കുളത്തിലേക്ക്. ബീജിംഗ് ഒളിമ്പിക്സിന് ശേഷം പരുക്കിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്ന് വിട്ടുനിന്ന കിതാജിമ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.
അടുത്ത മാസം ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ സ്വിമ്മിംഗ് സെന്‍ററില്‍ നടക്കുന്ന മത്സരത്തിലൂടെയാണ് കിതാജിമ തിരികെ വരാന്‍ തയ്യാറെടുക്കുന്നത്. 50,100,200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് വിഭാഗങ്ങളിലാണ് ഇരുപത്തിയേഴുകാരനായ കിതാജിമ മത്സരിക്കുക.
ബീജിംഗ് ഒളിമ്പിക്സില്‍ 100,200 മീറ്ററുകളില്‍ ചാമ്പ്യന്‍ പട്ടം കാത്ത ശേഷമായിരുന്നു കിതാജിമയുടെ താല്‍ക്കാലിക വിടവാങ്ങല്‍. 2004 ലെ ഏഥന്‍സ് ഒളിമ്പിക്സിന് ശേഷമായിരുന്നു കിതാജിമ പരുക്കിന്‍റെ പിടിയിലകപ്പെട്ടത്. കിതാജിമയുടെ കായിക ഭാവിയെ തന്നെ ഇത് ആശങ്കയിലാഴ്ത്തിയിരുന്നു.
പൂര്‍ണ്ണമായി ഫിറ്റ്നസ് വീണ്ടെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് കിതാജിമ. ലണ്ടന്‍ ഒളിമ്പിക്സിന്‍റെ തയ്യാറെടുപ്പിനായി യുഎസിന്‍റെ ഒളിമ്പിക് കോച്ച് ഡേവ് സാലോയുടെ കീഴില്‍ പരിശീലനം നടത്താനും കിതാജിമയ്ക്ക് പദ്ധതിയുണ്ട്. അടുത്ത വര്‍ഷത്തെ ജപ്പാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമെന്ന് കിതാജിമ അടുത്തിടെ വ്യക്തമാക്കിയിരുന്നു.