യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് എസി മിലാന്‍ റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12:15 നാണ് മത്സരം. സ്പാനിഷ് ലീഗിലും ഇറ്റാലിയന്‍ ലീഗിലും പയറ്റിത്തെളിഞ്ഞ മാഡ്രിഡും മിലാനും യൂറോപ്പിലെ അജയ്യത ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കാനായിരിക്കും ഇന്നിറങ്ങുക.
കളി ജയിക്കുമെന്ന് മിലാന്‍ പരിശീലകന്‍ ലിയോനാര്‍ഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പ്രതാപവും പാരമ്പര്യവും കൈമുതലായുള്ള ടീമുകളാണ് എ സി മിലാനും റയല്‍ മാഡ്രിഡും. റയല്‍ ഒമ്പത് പ്രാവശ്യം കിരീടം നേടിയപ്പോല്‍ മിലാന്‍ ഏഴ് തവണ യുവേഫ കപ്പില്‍ മുത്തമിട്ടു.
ആദ്യ രണ്ട് കളികളും ജയിച്ച് റയല്‍ മാഡ്രിഡ് മികച്ച ഫോമിലാണ്. ഇന്ന് കളി സ്വന്തം തട്ടകമായ ബെര്‍ണബ്യൂവിലാണെന്നത് അവരുടെ സാധ്യതകള്‍ ഇരട്ടിയാക്കുന്നുണ്ട്. എന്നാല്‍ എസി മിലാന് മൂന്ന് പോയിന്‍റ് മാത്രമാണുള്ളത്. നോക്കൌട്ട് റൌണ്ടിലേക്ക് മുന്നേറാന്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്.
ഗ്രൂപ്പ് സിയില്‍ റയല്‍ മാഡ്രിഡ് മത്സരം കൂടാതെ യുവേഫ കപ്പ് മുന്‍ ജേതാക്കളായ റഷ്യന്‍ ക്ലബ് സിഎസ്കെഎ മോസ്കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ചെല്‍സി അത്‌ലറ്റിക്കോ മാഡ്രിഡിനെയും ഇന്ന് നേരിടുന്നുണ്ട്.
എട്ട് കളികളാണ് ഗ്രൂപ്പ് തലത്തില്‍ ഇന്ന് നടക്കുക. ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് ക്ലബ് ബോര്‍ദോ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസ് മക്കാബി ഹൈഫയെ നേരിടും.