ബ്യൂണസ് അയേഴ്സ്, ബുധന്‍, 14 ഒക്ടോബര്‍ 2009( 09:08 IST )
അര്‍ജന്‍റീനയുടെ ലോകകപ്പ് ഫുട്ബോള്‍ ഭാവി ഇന്നറിയാം. അര്‍ജന്‍റീനയ്ക്ക് ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ടു യാത്രത്തിരിക്കാനുള്ള അവസാന അവസരമാണ്. ശക്തരായ ഉറഗ്വയുമായാണ് മത്സരം, അതും ഉറഗ്വയുടെ തട്ടകത്തില്‍ ചെന്ന് നേരിടണം. യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് മത്സരങ്ങള്‍ ഇന്നാണ് നടക്കുന്നത്.
ഗ്രൂപ്പില്‍ 25 പോയിന്‍റോടെ അര്‍ജന്‍റീന നാലാമതും 24 പോയിന്‍റോടെ ഉറുഗ്വെ അഞ്ചാമതും. 23 പോയിന്‍റുള്ള ഇക്വഡോര്‍ തൊട്ടു പിന്നിലുണ്ട്. നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് നേരിട്ടും അഞ്ചാമതെത്തുന്നവര്‍ക്കു പ്ലേ ഓഫിനും യോഗ്യത നേടാം. ഉറുഗ്വയ്ക്കെതിരേ സമനില നേടിയാല്‍ പോലും അര്‍ജന്‍റീനയ്ക്കു നേരിട്ട് യോഗ്യത നേടാം. അതേസമയം, അര്‍ജന്‍റീയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ ഉറുഗ്വെയ്ക്ക് യോഗ്യത ഉറപ്പിക്കാനാകൂ. മത്സരം സമനിലയിലായാല്‍ ചിലിക്കെതിരേ ഇറങ്ങുന്ന ഇക്വഡോര്‍ തോറ്റാല്‍ മാത്രമെ ഉറഗ്വയ്ക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കൂ.
ഇക്വഡോറിനെയും കൊളംബിയയെയും പരാജയപ്പെടുത്തിയാണ് ഉറുഗ്വെ അവസാന ജീവന്‍ വീണ്ടെടുത്തത്. ചരിത്രപരമായ ഈ മത്സരത്തില്‍ അര്‍ജന്‍റീന പരാജയപ്പെട്ടാല്‍ കോച്ച് മറഡോണയുടെ ഭാവി തുലാസിലാകും.
ഇന്നത്തെ മത്സരത്തില്‍ ആരൊക്കെ ഇറങ്ങുന്നുണ്ടെന്ന് എന്നത് സംബന്ധിച്ച് കോച്ച് മറഡോണ സൂചന നല്‍കിയിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് ജീവന്‍ തിരിച്ചുനല്‍കിയ മാര്‍ട്ടിന്‍ പാലേര്‍മോ ആദ്യ ഇലവനില്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്.