ന്യൂഡല്‍ഹി, ചൊവ്വ, 13 ഒക്ടോബര്‍ 2009( 18:20 IST )
PRO
ഉത്തേജക മരുന്ന് പരിശോധനയില്‍ ഒരു ഇന്ത്യന്‍ ഭാരോദ്വഹന താരം കൂടി പിടിക്കപ്പെട്ടു. വനിതാ താരം പ്രിയദര്‍ശിനിയാണ് ഇന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രിയദര്‍ശിനി. മൂന്ന് താരങ്ങള്‍ അടുപ്പിച്ച് പിടിക്കപ്പെട്ടതോടെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.
വനിതാ ഭാരോദ്വഹന താരം ശൈലജ പൂജാരിയും പുരുഷവിഭാഗം താരം വിക്കി ബാറ്റയുമാണ് മരുന്ന് പരിശോധനയില്‍ ഇന്നലെ പിടിക്കപ്പെട്ടത്. ആഗസ്റ്റ് ഏഴിനും എട്ടിനുമായിട്ടായിരുന്നു പ്രിയദര്‍ശിനിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. മരുന്ന് പരിശോധനയില്‍ നിന്ന് രക്ഷപെടാനായി മാസ്കിംഗ് ഏജന്‍റിന്‍റെ സഹായവും പ്രിയദര്‍ശിനി തേടിയിരുന്നതായി ദേശീയ മരുന്ന് പരിശോധനാസമിതി വ്യക്തമാക്കി.
ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി ബിആര്‍ ഗുലാത്തിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഫെഡറേഷനെ വിലക്കുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു വര്‍ഷത്തില്‍ മൂന്ന് പേര്‍ മരുന്നടിച്ചതായി തെളിഞ്ഞാല്‍ അന്താരാഷ്ട്ര രംഗത്ത് നിന്ന് ആ ഫെഡറേഷനെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന് അധികാരമുണ്ട്. വിലക്ക് വന്നില്ലെങ്കില്‍ തന്നെ പിഴയൊടുക്കുന്നതില്‍ നിന്ന് ഫെഡറേഷന് രക്ഷപെടാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് ആദ്യമായാണ് പ്രിയദര്‍ശിനി പിടിക്കപ്പെടുന്നത്. രണ്ട് വര്‍ഷം വരെ പ്രിയദര്‍ശിനിക്ക് വിലക്കേര്‍പ്പെടുത്തിയേക്കാം.