ബ്യൂണസ് അയേഴ്സ്, ഞായര്‍, 11 ഒക്ടോബര്‍ 2009( 10:47 IST )
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജീവന്‍മരണ പോരാട്ടത്തില്‍ പെറുവിനെതിരെ അര്‍ജന്‍റീനയ്ക്ക് ജയം. പെറുവിനെ 2-1 ന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീന ലോകകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. വിജയം മാത്രം മുന്നില്‍ കണ്ട് കളിച്ച അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിയുടെ രണ്ടാം പകുതിയില്‍ നാല്പത്തിയെട്ടാം മിനുറ്റില്‍ ഹിഗുവാണ് ആദ്യ ഗോള്‍ നേടിയത്.
പിന്നീട്, കളിതീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ അര്‍ജന്‍റീനിയന്‍ പ്രതീക്ഷകള്‍ക്ക് മുന്നില്‍ ഭീതിസൃഷ്ടിച്ച് പെറു തിരിച്ചടിച്ചു (1-1). റെങ്കിഫോയിലൂടെ തൊന്നൂറാം മിനുറ്റിലാണ് പെറു ഗോള്‍ നേടിയത്. എങ്കിലും ഭാഗ്യം അര്‍ജന്‍റീനയെ കൈവെടിഞ്ഞില്ല. കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ പാലര്‍മോയിലൂടെ അര്‍ജന്‍റീന വിജയ ഗോള്‍ നേടി(2-1).
നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്‍റീനയ്ക്ക് ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഉറഗ്വയെ തോല്‍പ്പിച്ചാല്‍ 2010 ലോകകപ്പിന് യാത്രത്തിരിക്കാം. കൊളംബിയയെ 4-2ന് തോല്‍പ്പിച്ച് ചിലിയും യോഗ്യത നേടി. ഇതോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് മൂന്നു ടീമുകള്‍ യോഗ്യത നേടി കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളൊന്നും ഇല്ലാതെയാണ് അര്‍ജന്‍റീന കളിക്കാനിറങ്ങിയത്.