കിംഗ്സ്റ്റണ്‍, ബുധന്‍, 16 സെപ്റ്റംബര്‍ 2009( 11:38 IST )
PRO
ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് ലോകറെക്കോര്‍ഡുകള്‍ ഓരോന്നായി കടപുഴക്കി എറിയുമ്പോള്‍ അതില്‍ വേദനിക്കുന്നത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമാണ്. കാരണം ഓടിത്തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ബോള്‍ട്ടിലൂടെ വെസ്റ്റിന്‍ഡീസിന് സ്വന്തമാവുമായിരുന്നത് ബാറ്റ്‌സ്മാന്‍മരെ കിടുകിടാ വിറപ്പിക്കുന്ന ഒരു ഫാസ്റ്റ് ബൌളറെയായിരുന്നു.
ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ കുട്ടിയായിരുന്നപ്പോള്‍ ജീവിതം ക്രിക്കറ്റ് മയമായിരുന്നുവെന്ന് ബൊള്‍ട്ട് പറഞ്ഞു. ഗ്രീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ബോള്‍ട്ട് മാധ്യമങ്ങളോട് മനസ്സ് തുറക്കുകയായിരുന്നു.
ക്രിക്കറ്റ് എന്നാല്‍ എനിക്ക് അത്രയേറെ ജീവനായിരുന്നു. എന്‍റെ ജീവിതം ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. 16 വയസുവരെ താന്‍ ട്രാക്കിനെ ഗൌരവമായി സമീപിച്ചിരുന്നില്ല. ക്രിക്കറ്റില്‍ ഒരു ഫാസ്റ്റ് ബൌളറാവണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും ബൊള്‍ട്ട് വ്യക്തമാക്കി.