കിംഗ്സ്റ്റണ്‍, ചൊവ്വ, 15 സെപ്റ്റംബര്‍ 2009( 17:56 IST )
PRO
ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ലോഗ് ജമ്പിലും ഒരുകൈ നോക്കാനൊരുങ്ങുന്നു. ലോംഗ്ജമ്പില്‍ മത്സരിക്കാനുള്ള തയ്യാടുപ്പിലാണ് താനെന്ന് ബോള്‍ട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, അടുത്ത കാലത്തൊന്നും ആഗ്രഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നടന്ന ലോക അത്‌ലറ്റിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കിംഗ്സ്റ്റണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബോള്‍ട്ട്.
കായിക മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് ലോംഗ് ജമ്പില്‍ പങ്കെടുക്കും. അതിന് ചിലപ്പോള്‍ അഞ്ച് വര്‍ഷത്തെ പരിശ്രമം വേണ്ടിവന്നേക്കാം - ബോള്‍ട്ട് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പീല്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഇന്‍ഡോര്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. കോച്ചിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വേണ്ടത് ചെയ്യുമെന്ന് ബോള്‍ട്ട് അറിയിച്ചു.
കഴിഞ്ഞ മാസം ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ 100, 200 മീറ്ററുകളില്‍ ബോള്‍ട്ട് തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. ഈ വര്‍ഷം തനിക്ക് ഏറെ അനുഗ്രഹീതമായ വര്‍ഷമാണ്. ഈ വര്‍ഷം ഇത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാനായതില്‍ ദൈവത്തിനോട് നന്ദിയുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.
ട്രാക്കില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ആരാധകരെ അമ്പരിപ്പിച്ച ബോള്‍ട്ട് ലോംഗ് ജമ്പിലും മത്സരത്തിനെത്തുന്നതോടെ അദ്ദേഹത്തിന്‍റെ ആരാധക ലോകം വിപുലപ്പെടുമെന്നാണ് പ്രതീക്ഷ. ഒരുപക്ഷേ, ലോംഗ് ജമ്പിലും റെക്കോര്‍ഡുകള്‍ മാറ്റിയെഴുതപ്പെടാനുള്ള സാധ്യതയാണ് ബോള്‍ട്ടിന്‍റെ തീരുമാനം നല്‍കുന്ന സൂചനയെന്ന് കായിക ലോകം വിലയിരുത്തുന്നു.