നൂറ് മീറ്ററിലെ തന്‍റെ അപ്രമാദിത്വം ഇക്കുറിയും ഉസൈന്‍ ബൊള്‍ട്ട് കാത്തു. സൂറിച്ചിലെ വെല്‍റ്റ്‌ക്ലസെ ഗോള്‍ഡന്‍ ലീഗ് മീറ്റില്‍ 9.81 സെക്കന്‍ഡിന് ഓടിയെത്തിയാണ് ബോള്‍ട്ട് വീണ്ടും നൂറ് മീറ്ററില്‍ ഒന്നാമനായത്.
സ്വന്തം നാട്ടുകാരനായ അസഫ പവലായിരുന്നു സൂറിച്ചില്‍ ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയത്. 9.88 സെക്കന്‍ഡിലാണ് പവല്‍ ഫിനീഷ് ചെയ്തത്. ബോള്‍ട്ട് ഫിനിഷിംഗ് ലൈനിലെത്തുമ്പോള്‍ 20 മീറ്ററോളം പിന്നിലായിരുന്നു പവല്‍. ബെര്‍ലിനില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് കുറിച്ച ശേഷം ബോള്‍ട്ട് ഇറങ്ങിയ ആദ്യ റെയ്സായിരുന്നു സൂറിച്ചിലേത്.
വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ സന്യാ റിച്ചാര്‍ഡ്സ് ഇക്കൊല്ലത്തെ മികച്ച സമയം കുറിച്ച് സ്വര്‍ണ്ണമണിഞ്ഞു. 48.94 സെക്കന്‍ഡിലാണ് സന്യ ഫിനീഷ് ചെയ്തത്. അമേരിക്കയുടെ തന്നെ അല്ലിസണ്‍ ഫെലിക്സ് രണ്ടാം സ്ഥാനവും (49.83) ജമൈക്കയുടെ ഷെറിക്ക വില്യംസ് (50.40) മൂന്നാം സ്ഥാനവും നേടി.