ഈ സീസണോടെ വിരമിക്കുമെന്ന് മുന്‍ ജര്‍മന്‍ ഗോള്‍ കീപ്പറും സ്റ്റുട്ട്‌ഗര്‍ട്ട് ഫുട്ബോള്‍ ക്ലബ്ബ് താരവുമായ യെന്‍സ് ലെഹ്‌മാന്‍. റൊമാനിയയില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്ലേ ഓഫില്‍ എഫ്സി ടിമിസോറയ്ക്കെതിരെ വിജയം നേടിയ ശേഷമാണ് ലെഹ്‌മാന്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2003 മുതല്‍ 2008 വരെ ആര്‍സണലിന്‍റെ താരമായിരുന്നു ലെഹ്‌മാന്‍. 98 ലാണ് ജര്‍മന്‍ ദേശീയ ടീമിന് വേണ്ടി ലെഹ്‌മാന്‍ ബൂട്ടണിഞ്ഞുതുടങ്ങിയത്. പത്ത് വര്‍ഷം നീണ്ട കരിയറില്‍ 61തവണ അദ്ദേഹം ജര്‍മന്‍ ജഴ്സി അണിഞ്ഞു. യൂറോ 2008 ഫൈനലില്‍ സ്പെയിനിനോട് പരാജയപ്പെട്ട കളിയിലായിരുന്നു ലെഹ്‌മാന്‍ അവസാനമായി ജര്‍മനിയുടെ ഗോള്‍ മുഖം കാത്തത്.
2008 ലാണ് ലെഹ്‌മാന്‍ ആര്‍സണല്‍ വിട്ട് ജര്‍മന്‍ ക്ലബ്ബായ സ്റ്റുട്ട്‌ഗര്‍ട്ടിലെത്തിയത്. പ്രതിഭയുണ്ടായിരുന്നെങ്കിലും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ താരമാണ് ലഹ്‌മാന്‍. ജര്‍മന്‍ ടീമില്‍ ലെഹ്‌മാനുള്ളപ്പോള്‍ തന്നെ ഒലിവര്‍ ഖാനായിരുന്നു ജര്‍മനിയുടെ വിശ്വസ്തനായ കാവല്‍ക്കാരന്‍. അതുകൊണ്ടുതന്നെ പല കളികളിലും നറുക്ക് വീണത് ഖാനായിരുന്നു.
എന്നാല്‍ 2006 ലോകകപ്പില്‍ പ്രധാന ഗോളിയായി ജര്‍മനി നിശ്ചയിച്ചത് ലെഹ്‌മാനെയായിരുന്നു. രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസത്തൊട് ലെഹ്‌മാന്‍ നൂറ് ശതമാനം കൂറുപുലര്‍ത്തുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയുടെ രണ്ട് പെനാല്‍ട്ടികള്‍ രക്ഷിച്ചെടുത്ത ലെഹ്‌മാന്‍റെ ചിത്രം ഫുട്ബോള്‍ ആരാധകര്‍ ഇനിയും മറന്നിട്ടില്ല.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റെഡ് കാര്‍ഡ് കണ്ട ആദ്യ ഗോള്‍ കീപ്പര്‍ എന്ന ദുഷ്പേരും ലെഹ്‌മാന് സ്വന്തമാണ് . 2006 ല്‍ ബാര്‍സിലോണ-ആര്‍സണല്‍ കിരീടപ്പോരാട്ടത്തില്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റുവിനെ ഫൌള്‍ ചെയ്തതിനായിരുന്നു ലെഹ്‌മാന്‍ ചുവപ്പുകാര്‍ഡ് കണ്ടത്. വരുന്ന നവംബറില്‍ നാല്‍പത് വയസ് തികയാനിരിക്കെയാണ് ലെഹ്‌മാന്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്.