ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ചൈന പിന്‍മാറുന്നുവെന്ന വാര്‍ത്ത സംഘാടകര്‍ നിഷേധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇംഗ്ലണ്ടിന് പിന്നാലെ ചൈനയും മടങ്ങുന്നുവെന്നാണ് വാര്‍ത്ത പരന്നത്.
അത്തരം യാതൊരു നീക്കവും ചൈനയുടെ ഭാഗത്ത് നിന്നില്ലെന്ന് ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ മേധാവിയുമായ വികെ വര്‍മ പറഞ്ഞു. ഹൈദരാബാദിലെ സുരക്ഷാ സൌകര്യങ്ങളില്‍ തൃപ്തനാണെന്ന് ചൈനീസ് പരിശീലകന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍ഷിപ്പിനെത്തുന്ന വിദേശകളിക്കാര്‍ക്ക് നേരെ തീവ്രവാദ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇംഗ്ലണ്ട് പിന്‍മാറിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മത്സരവേദിയിലും കളിക്കാരുടെ താമസസ്ഥലത്തും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.