അമേരിക്കന്‍ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബീജിംഗ് ഒളിമ്പിക്സിലെ സൂപ്പര്‍സ്റ്റാര്‍ മൈക്കല്‍ ഫെല്‍പ്സ് നൂറ് മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി അമേരിക്കയുടെ ഇയാന്‍ ക്രോക്കിന്‍റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഫെല്‍പ്സ് തിരുത്തിക്കുറിച്ചത്. നേരത്തെ 50.40 സെക്കന്‍റിലായിരുന്ന 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ റെക്കോര്‍ഡ് 50.22 സെക്കന്‍റില്‍ നീന്തിയെത്തിയാണ് ഫെല്‍പ്സ് ചരിത്രം കുറിച്ചത്.
മൂന്നു മാസത്തെ വിലക്കിന് ശേഷമാണ് അമേരിക്കന്‍ താരമായ ഫെല്‍പ്സ് വീണ്ടും നീന്തല്‍ കുളത്തിലേക്ക് തിരിച്ചെത്തുന്നത്. പരസ്യമായി കഞ്ചാവ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അമേരിക്കയിലെ സ്പോര്‍ട്സ് ഗവേണിംഗ് ബോഡിയായ യു എസ് എ സ്വിമ്മിംഗ് ഫെല്‍പ്സിനെതിരെ നടപടിയെടുത്തത്. ഇരുപത്തിനാലുകാരനായ ഫെല്‍പ്സ് ഇതുവരെയായി പതിനാല് ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. ബീജിംഗ് ഒളിമ്പിക്സില്‍ ഫെല്‍പ്സ് എട്ട് സ്വര്‍ണം നേടിയിരുന്നു.
തുടര്‍ച്ചയായി 2004, 2008 ഒളിമ്പിക്സുകളില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മൈക്കല്‍ ഫെല്‍പ്സ് സ്വര്‍ണമെഡല്‍ നേടിയിരുന്നെങ്കിലും ക്രോക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതോടെ ഫെല്‍പ്സിന്‍റെ വ്യക്തിഗത സ്വര്‍ണം അഞ്ചായി. നേരത്തെ 200 മീറ്റര്‍ ഫ്രീസ്റ്റൈയില്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 200, 400 മീറ്ററിലും ഫെല്‍പ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. |