പരിക്ക് കാരണം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഏറെക്കാലമായി വിട്ടു നില്‍ക്കുന്ന ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോ കോറിന്ത്യന്‍സിനായി ഹാട്രിക് നേടി സജീവ് ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചു. റൊണാള്‍ഡോയുടെ ഹാട്രിക്കിന്‍റെ പിന്‍ബലത്തില്‍ ഫ്ലൂമിനെസിനെതിരായ മത്സരത്തില്‍ കോറിന്ത്യന്‍സ് 4-2ന് വിജയിച്ചു.
മാര്‍ച്ചില്‍ കളിക്കളത്തിലേക്ക് തിരിച്ചുവന്നശേഷം 22 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ഫോമിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഫ്ലൂമിനെസിതാരായ മത്സരത്തിലെ മൂന്നു ഗോളുകളും തന്‍റെ മൂന്നു കുട്ടികളെപ്പോലെ പ്രിയപ്പെട്ടവയാണെന്ന് മത്സരശേഷം റൊണാള്‍ഡോ പറഞ്ഞു.
എങ്കിലും കോറിന്ത്യസിന്‍റെ മധ്യനിരയില്‍ നിന്ന് കുതിച്ച് ഫ്ലൂമിനസിന്‍റെ രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് റൊണാള്‍ഡോ നേടിയ രണ്ടാം ഗോള്‍ അദ്ദേഹത്തിന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
ഇറ്റാലിയന്‍ലീഗില്‍ കഴിഞ്ഞ ഫിബ്രവരിയില്‍ എ.സി. മിലാനുവേണ്ടി ലിവോര്‍നോയ്‌ക്കെതിരെ കളിക്കുമ്പോഴാണ് 32കാരനായ ബ്രസീല്‍ ഫോര്‍വേഡിന് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ഡിസംബറിലാണ് റൊണാള്‍ഡൊ കൊറിന്ത്യന്‍സില്‍ ചേരാന്‍ തീരുമാനിച്ചത്. കായികക്ഷമത വീണ്ടെടുക്കാന്‍ മൂന്നുമാസത്തെ കഠിന പരിശീലനത്തിലായിരുന്നു റൊണാള്‍ഡൊ. |