ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാവി വീണ്ടും പ്രതിസന്ധിയില്‍. ഫോര്‍മുല വണ്‍ റെയ്സിന്‍റെ ഭരണ സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍സ്(എഫ് ഐ ഐ) സാമ്പത്തിക-സാങ്കേതിക പരിഷ്കാരങ്ങള്‍ ഏര്‍പെടുത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിമത ടീമുകളുടെ സംഘടനയായ ഫോട്ട പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ജര്‍മന്‍ ഗ്രാന്‍ഡ്പ്രിക്സിന് തൊട്ട് മുന്‍പാണ് റേസിംഗ് ട്രാക്കില്‍ വീണ്ടും പ്രതിസന്ധി രൂപം കൊണ്ടിരിക്കുന്നത്.
2010ലെ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പിന് വിമത ടീമുകളായ ഫെറാരി, മക്‍ലാറന്‍, റെനൌള്‍ട്ട്, ബി എം ഡബ്ലിയു, റെഡ് ബുള്‍ റേസിംഗ്,ടോറോ റോസൊ എന്നീ ടീമുകള്‍ ഔദ്യോഗികമായി യോഗ്യത നേടിയിട്ടില്ലെന്ന് എഫ് ഐ എ പ്രതിനിധി ചാര്‍ളി വൈറ്റിംഗ് യോഗത്തില്‍ അറിയിച്ചു.
അതിനാല്‍ തന്നെ ഈ ടീമുകള്‍ക്ക് ഭാവിയില്‍ വോട്ടിംഗ് അവകാശമുണ്ടായിരിക്കില്ലെന്നും വൈറ്റിംഗ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കണമെന്ന് ഫോട്ട പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും എഫ് ഐ എ ഇതിനു തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഫോട്ട യോഗം ബഹിഷ്കരിച്ചത്.
എട്ടു ടീമുകള്‍ ചേര്‍ന്ന് സമാന്തരലീഗ് തുടങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് എഫ് വണ്‍ തകര്‍ച്ചയിലേക്ക് നീങ്ങിയത്.എഫ് വണ്ണില്‍ പങ്കെടുക്കുന്ന ടീമുകള്‍ സാമ്പത്തിക കിടമത്സരം ഒഴിവാക്കാനായി തങ്ങളുടെ ബജറ്റ് 65 മില്യണ്‍ ഡോളറില്‍ നിജപ്പെടുത്താന്‍ തയ്യാറാവണമെന്ന എഫ് ഐ എ പ്രസിഡന്‍റ് മാക്സ് മോസ്‌ലിയുടെ നിര്‍ദേശമാണ് ടീമുകളെ ചൊടിപ്പിച്ചത്.
ഇതിന് തയ്യാറാവാത്ത ടീമുകള്‍ക്ക് മേല്‍ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോസ്‌ലി അറിയിച്ചിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ടീമുടമകളുമായി എഫ് വണ്‍ അധികൃതര്‍ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. |