മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പറഞ്ഞയക്കില്ലെന്ന് കോച്ചും ടീം ചീഫ് എക്സിക്യൂട്ടീവും ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും ചെല്‍സി നായകന്‍ ജോണ്‍ ടെറിയുടെ സമ്മര്‍ദ്ദം ഒഴിയുന്നില്ല. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം തീര്‍ക്കാന്‍ ടീം ഉടമയും റഷ്യന്‍ കോടീശ്വരനുമായ റൊമാന്‍ അബ്രമോവിച്ചുമായി ചര്‍ച്ചനടത്തണമെന്നാണ് ടെറിയുടെ ആവശ്യം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡ് വാഗ്ദാനം വന്ന ശേഷം ടീമംഗങ്ങള്‍ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും ടെറി പറഞ്ഞു. ഇക്കാര്യത്തില്‍ ചെല്‍സി അധികൃതര്‍ തുടരുന്ന മൌനം തനിക്ക് അപമാനമാണെന്നാണ് ടെറിയുടെ നിലപാട്. ചെല്‍സിക്ക് തന്നെ യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ അതോ വില്‍ക്കാനാണോ ഉദ്ദ്യേശം എന്ന കാര്യത്തിലാണ് ടെറിക്ക് ആശയക്കുഴപ്പമെന്ന് ചെല്‍സിയിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തി.
11 വര്‍ഷമായി ചെല്‍സിയുടെ കുപ്പായത്തില്‍ ഇറങ്ങുന്ന ടെറി ക്ലബ്ബിനായി 272 മത്സരങ്ങളില്‍ നീല ജഴ്സിയണിഞ്ഞു. 17 ഗോളുകളും നേടി. ക്യാപ്റ്റനെന്ന നിലയില്‍ 2004-05 സീസണില്‍ ക്ലബ്ബിനായി രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ടെറി നേടികൊടുത്തു.
ടെറിയെ ഉള്‍ക്കൊള്ളാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാവില്ലെന്ന് ചെല്‍സി പരിശീലകന്‍ കാര്‍ലോസ് അന്‍സലോട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെല്‍സി വിടുക എന്നത് ടെറിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അദ്ദേഹം എല്ലാക്കാലത്തും ക്ലബ്ബിനൊപ്പം തുടരുമെന്നും ആന്‍സലോട്ടി പറഞ്ഞു. ടെറിയെ സ്വന്തമാക്കാനായി 30 മില്യണ്‍ പൌണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി വാഗ്ദാനം ചെയ്തത്. |