ഫുട്ബോളിലെ അമിതമായ പണമൊഴുക്കിനെതിരെ ഇതിഹാസ താരം പെലെ രംഗത്തു വന്നു. കളിക്കാര്‍ക്ക് ശമ്പള അടിസ്ഥാനമാക്കിയുള്ള വേത സമ്പ്രദായം ഏര്‍പ്പാടാക്കാന്‍ ഫിഫ മുന്‍കൈ എടുക്കണമെന്ന് പെലെ ആവശ്യപ്പെട്ടു. 2016ലെ ഒളിമ്പിക്സിനായുള്ള ബ്രസീലിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണ തേടി നൈജീരയയിലെത്തിയ പെലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തന്‍റെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് വലിയ സ്പോണ്‍സര്‍മാരും വലിയ കമ്പനികളും ഫുട്ബോളിലേക്ക് പണമൊഴുക്കുന്നുണ്ട്. എന്‍റെ അഭിപ്രായത്തില്‍ കളിക്കാര്‍ക്ക് കണക്കില്ലാതെ പണം നല്‍കുന്ന എര്‍പ്പാട് നിര്‍ത്താന്‍ ഫിഫ തന്നെ രംഗത്ത് വരണം. ഇത്തരത്തില്‍ വലിയ തോതില്‍ പണം ഒഴുകുന്നത് കളിയുടെ പ്രതിച്ഛായയെയും ഭാവി തലമുറയെയും ബാധിക്കുമെന്നും പെലെ മുന്നറിയിപ്പ് നല്‍കി.
ഇന്ന് പണമുണ്ടെങ്കില്‍ മഞ്ചസ്റ്ററില്‍ നിന്നൊ റയലില്‍ നിന്നോ മിലാനില്‍ നിന്നോ നിങ്ങള്‍ക്ക് എത് താരത്തെയും ലഭിക്കും. വേറൊരു ക്ലബ്ബ് കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായാല്‍ അയാള്‍ അങ്ങോട്ട് പോകുകയും ചെയ്യും. ഇത് അടുത്ത തലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്നും പെലെ പറഞ്ഞു.
മാഞ്ചസ്റ്ററില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റയല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. |