ഓരോ തവണ ഗ്രാന്‍സ്ലാമുകളില്‍ മുത്തമിടുമ്പോഴും റോജര്‍ ഫെഡററുടെ കണ്ണുകള്‍ നിറയാറുണ്ട്. കണ്ഠമിടറാറുണ്ട്. എന്നാല്‍ ടെന്നീസ് കണ്ട ക്ലാസിക് ഫൈനലുകളിലൊന്നില്‍ ആന്‍ഡി റോഡിക് എന്ന അമേരിക്കക്കാരന്‍റെ വെല്ലുവിളിയെ അതിജീവിച്ച് ആറാം തവണ ഫെഡറര്‍ കിരീടം നെഞ്ചോടടുക്കി പിടിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും ആ കണ്ണുകള്‍ നിറഞ്ഞില്ല.
വികാരങ്ങള്‍ അടക്കാന്‍ പാടുപെടാറുള്ള ഫെഡറര്‍ക്ക് ഇത്തവണ ചിരിച്ചുകൊണ്ടാണ് തന്‍റെ ആറാം വിംബിള്‍ഡണില്‍ മുത്തമിട്ടത്. നദാല്‍ എന്ന യുവരക്തത്തിനു മുന്നില്‍ അടിയറവ് പറയുന്നത് തുടര്‍ക്കഥയാക്കിയപ്പോഴും ലോക ഒന്നാം നമ്പര്‍ പദവിയില്‍ നിന്ന് താഴെ ഇറങ്ങിയപ്പോഴുമെല്ലാം തന്നെ നോക്കി ചിരിച്ചവര്‍ക്കുളള മറുപടിയായിരുന്നു മനോഹരമായ ആ പുഞ്ചിരി.
കളിമികവില്‍ പൂര്‍ണതയുളള പ്രതിഭകള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഫുട്ബോളില്‍ പെലെയും മറഡോണയെയും പോലെ ക്രിക്കറ്റില്‍ ബ്രാഡ്മാനും സച്ചിനും പോലെ. ആ കാലഘട്ടത്തില്‍ ആ കളിയാസ്വദിച്ച് ജീവിക്കാന്‍ കഴിയുക എന്നത് ഒരു കായിക പ്രേമിയുടെ ജീവിതത്തില്‍ ലഭിക്കുന്ന അപൂര്‍വ സൌഭാഗ്യവും. ഫെഡറര്‍ കളിക്കുന്ന കാലത്ത് ജീവിക്കുക എന്നതായിരിക്കും ഒരു ടെന്നീസ് പ്രേമിക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.
നദാലിന്‍റെ വന്യമായ കരുത്തോ മക്കന്‍റോയുടെ അക്രമണോത്സുകതയോ ഇവാസിസെവിച്ചിന്‍റെ സെര്‍വിംഗ് മികവോ ഒന്നും ഫെഡറര്‍ക്ക് അവകാശപ്പെടാനില്ല. സൌമ്യ മധുരമായാണ് ഫെഡറര്‍ കോര്‍ട്ടില്‍ നിറയുന്നത്. ഈ സൌമ്യസാന്നിധ്യത്തെയാണോ എതിരാളികള്‍ ഇത്രയധികം ഭയക്കുന്നതെന്ന് തോന്നിപ്പോകും പലപ്പോഴും ഫെഡറുടെ കളി കണ്ടാല്‍.
എന്നാല്‍ ഫെഡററുടെ ഓരോ സര്‍വും ഓരോ റിട്ടേണും എതിരാളികളുടെ ഹൃദയം തുളച്ചു കയറുമ്പോള്‍ എതിരാളികളെന്നപോലെ വിമര്‍ശകരും ഒരുപോലെ അത്ഭുതപ്പെടും. ഈശ്വരാ കുറവുകളോന്നും കണ്ടുപിടിക്കാനില്ലല്ലോ എന്ന് ഓര്‍ത്ത്. അത് തന്നെയാണ് ടെന്നീസ് കണ്ട സമ്പൂര്‍ണ താരമെന്ന ബഹുമതിയ്ക്ക് ഫെഡററെ അര്‍ഹനാക്കുന്നതും. |