ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നത് ഇപ്പോഴും വിദൂര സ്വപ്നമാണെന്ന് ഇന്ത്യന്‍ ഷട്ടില്‍ താരം സൈന നേവാള്‍. ഒന്നാം റാങ്ക് ഇപ്പോഴത്തെ ലക്‍ഷ്യമല്ലെന്നും സൈന വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുരത്തിറക്കിയ ലോക റാങ്കിംഗില്‍ സൈന ആറാം സ്ഥാനത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സൈന.
ഒന്നാം റാങ്ക് എന്‍റെ സ്വപ്നമാണ്. എന്നാല്‍ അതിനായി ഞാന്‍ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. ഒന്നാം റാങ്ക് നേടണമെങ്കില്‍ ഞാന്‍ എന്‍റെ മികവിന്‍റെ പൂര്‍ണതയിലെത്തണം. ഇതിനുപുറമെ തുടര്‍ച്ചയായി ടൂര്‍ണമെന്‍റുകള്‍ ജയിക്കുകയും വേണം-സൈന വ്യക്തമാക്കി.
പ്രകാശ് പദുക്കോണിനും, പുല്ലേല ഗോപീചന്ദിനും ശേഷം റാങ്കിംഗില്‍ ആദ്യ പത്തില്‍ വരുന്ന ആദ്യ ഇന്ത്യന്‍ ഷട്ടില്‍ താരമാണ് സൈന. ആദ്യ അഞ്ചില്‍ എത്തിയശേഷം ആദ്യ മൂന്നില്‍ ഇടം പിടിക്കുക എന്നതായിരിക്കും തന്‍റെ ലക്‍ഷ്യമെന്നും സൈന പറഞ്ഞു. ഉയര്‍ന്ന റാങ്കുള്ള താരങ്ങളെ തുടര്‍ച്ചയായി തോല്‍പ്പിച്ചാല്‍ മാത്രമേ എനിക്ക് ആദ്യ മൂന്നില്‍ എത്താനാവു.
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി ഒരുമാസമേ ബാക്കിയുള്ളൂ എന്നതിനാല്‍ റാങ്കിംഗ് ഒരു പ്രധാന ഘടകമാണെന്നും സൈന വ്യക്തമാക്കി. അടുത്ത മാസം ഹൈദരാബാദിലാണ് ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്. |