വിംബിള്‍ഡണ്‍ സെമിഫൈനലില്‍ ആന്‍ഡി മുറേ അമേരിക്കയുടെ ആന്‍ഡി റോഡിക്കിനോട് തോറ്റ് മടങ്ങിയപ്പോള്‍ വിതുമ്പിയത് ഒരു ജനത മുഴുവനുമായിരുന്നു. വിംബിള്‍ഡണ്‍ കിരീടത്തില്‍ ഒരു ബ്രിട്ടണ്‍കാരന്‍ മുത്തമിടുന്നത് കാണാന്‍ 73 വര്‍ഷമായി കാത്തിരിക്കുന്ന ബ്രിട്ടിഷ് ജനതയുടെ പ്രതീക്ഷകളെ ആണ് റോഡിക് ഒരു എയ്സടിക്കുന്ന വേഗത്തില്‍ അടിച്ചു പറത്തിയത്. കളി തോറ്റെങ്കിലും മുറെയുടെ പോരാട്ട മികവില്‍ ബ്രിട്ടണിലെ ടെന്നീസ് ആരാധകര്‍ ഇപ്പൊഴും ആശ്വസിയ്ക്കുന്നു.
കളി തോറ്റതിന് താന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന് മുറെ കുറ്റപ്പെടുത്തുന്നു. ഞാന്‍ തന്നെ എന്‍റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ആദ്യ ടൈ ബ്രേക്കില്‍ ഞാന്‍ ചില തെറ്റുകള്‍ വരുത്തി. ഒരിക്കലും സഭവിക്കരുതാത്ത കാര്യമായിരുന്നു അത്.
നാല് തവണ സെമിയിലെത്തിയിട്ടും കലാശക്കളിക്ക് അര്‍ഹത നേടാനാകാതെപ്പോയ മുന്‍ ബ്രിട്ടീഷ് താരം ടിം ഹെന്‍മനും മുറെയുടെ പോരാട്ട മികവിനെ അഭിനന്ദിച്ചു. മുറെയുടെ തോല്‍വിയില്‍ എനിക്ക് സഹതാപമുണ്ട്. ജയിക്കാമായിരുന്ന മത്സരമായിരുന്നു മുറെയ്ക്കിത്. എന്നാല്‍ അസാമാന്യ പ്രകടനം പുറത്തെടുത്ത റോഡിക്ക് വിജയം അര്‍ഹിക്കുന്നു-ഹെന്‍മന്‍ പറഞ്ഞു.
മുറെ ഫൈനലിലെത്തുകയാണെങ്കില്‍ കളികാണാന്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് എത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുന്‍പ് 1977ല്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ വിര്‍ജീന വെയ്ഡാണ് ആതിഥേയര്‍ക്കായി അവസാന വിംബിള്‍ഡണ്‍ നേടിയത്. |