ന്യൂകാസിലിന്‍റെ ഇംഗ്ലണ്ട് താരം മൈക്കല്‍ ഓവന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് ഓവന്‍ മാഞ്ചസ്റ്ററിലേക്ക് വരുന്നതെന്ന് ക്ലബ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ മാഞ്ചസ്റ്റര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ക്ലബ്ബുമായി കരാറിലെത്തിയ ഓവന്‍റെ വരവ് ഏവരെയും അമ്പരിപ്പിച്ചു.
ഏതാനും അഴ്ചകള്‍ക്കുള്ളില്‍ താന്‍ ന്യൂകാസില്‍ വിടുമെന്ന് ഓവന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് കൂടുമാറുന്നതെന്ന് ഓവന്‍ വ്യക്തമാക്കിയിരുന്നില്ല. തന്‍റെ മേല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും മുന്‍ ലിവര്‍പൂള്‍ താരവും 2001ലെ യൂറോപ്യന്‍ ഫുട്ബോളറുമായ ഓവന്‍ വ്യക്തമാക്കിയിരുന്നു. ഹള്‍ സിറ്റിയും സ്റ്റോക് സിറ്റിയും ഓവനില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഓവനുമായി കരാറിലെത്തിയത് ഒരു ചൂതാട്ടമൊന്നുമല്ലെന്ന് മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ പറഞ്ഞു. ഓവന്‍ ഒരു ലോകോത്തര താരമാണ്. ഓവന്‍റെ സ്കോറിംഗ് മികവിനെക്കുറിച്ച് ചോദ്യങ്ങള്‍ അവശേഷിക്കുന്നില്ലെന്നും ഫെര്‍ഗി വ്യക്തമാക്കി.
എന്നാല്‍ മാഞ്ചസ്റ്ററിലക്ക് മാറാനായതില്‍ ഇപ്പോഴും അത്ഭുതമുണ്ടെന്ന് മൈക്കല്‍ ഓവന്‍ പറഞ്ഞു. മറ്റേതെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബ്ബിലക്ക് മാറാനായിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ കോച്ച് ഫെര്‍ഗൂസന്‍ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം മാഞ്ചസ്റ്ററില്‍ ചേരാന്‍ എന്നെ ക്ഷണിച്ചത്. ഒരു നിമിഷം പോലും ആലോചിക്കാതെ കരാറിലൊപ്പിടാന്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു. ഈ അവസരം താന്‍ ഇരു കൈയ്യും നീട്ടി സ്വീകരികുകയാണെന്നും 29 കാരനായ ഓവന്‍ പറഞ്ഞു.
ലിവര്‍പൂള്‍ താരമായിരുന്ന ഓവന്‍ അപാരമാരമായ ഫിനിഷിംഗ് പാടവം കൊണ്ട് അതിവേഗമാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ 2004ല്‍ ലിവര്‍പൂളില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഓവന് പരിക്കും ഫോമില്ലായ്മയുംമൂലം മിക്കവാറും മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നതോടെ കരിയര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് 2005ലാണ് ഓവന്‍ ന്യൂകാസിലേക്ക് മാറിയത്.അതിനുശേഷം ഓവനെ ദേശീയ ടിമിലേക്കും പരിഗണിച്ചിരുന്നില്ല. |