വിംബിഡണിലെ ആതിഥേയ പ്രതീക്ഷയായ ആന്‍ഡി മുറെയുടെ കളികാണാന്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് എത്തുമെന്ന് സൂചന. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ആന്‍ഡി റോഡിക്കിനെ മറികടന്ന് കലാശപ്പോരാട്ടത്തിന് മുറെ അര്‍ഹത നേടിയാല്‍ ഫൈനല്‍ കാണാന്‍ എലിസബത്ത് രാജ്ഞിയും എത്തിയേക്കുമെന്ന് ബക്കിംഗ്‌ഹാം കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു.
മുറെ കിരീടം നേടുകയാണെങ്കില്‍ 73 വര്‍ഷമായുള്ള ബ്രിട്ടന്‍റെ കാത്തിരിപ്പിനായിരിക്കും വിരാമമാകുന്നത്. ഇതിനു മുന്‍പ് 1977ല്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ വിര്‍ജീന വെയ്ഡ് കിരീടം നേടുന്നത് കാണാനാണ് വിംബിള്‍ഡണ്‍ സെന്‍റര്‍ കോര്‍ട്ടിലെ റോയല്‍ ബോക്സില്‍ രാജ്ഞി എത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ വെയ്ഡ് നെതര്‍ലന്‍ഡ്സ് താരം വെറ്റി സ്റ്റോവിനെയായിരുന്നു തോല്‍പ്പിച്ചത്.
രാജ്ഞി ഫൈനല്‍ കാണാന്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് രാജ്ഞി കത്തയച്ചുവെന്ന് ആന്‍ഡി മുറെ തന്നെ വെളിപ്പെടുത്തിയതോടെ ഇത് അവസാനിക്കുകയാരുന്നു. എന്നാല്‍ ഈ ആഴ്ച രാജ്ഞിക്ക് മറ്റ് പൊതുപരിപാടികളില്‍ ഒന്നും പങ്കെടുക്കാന്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ കാണാന്‍ അവര്‍ എത്തുമെന്ന് കൊട്ടാരവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്ഞി ഒരു ടെന്നീസ് ആരാധികയൊന്നുമല്ലെങ്കിലും മുറെയ്ക്ക് ബ്രിട്ടണില്‍ ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് അവര്‍ മത്സരം വീക്ഷിക്കാന്‍ എത്തുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇതിനെല്ലാം മുന്‍പ് മുറെയ്ക്ക് സെമിയില്‍ ആന്‍ഡി റോഡിക്കിനെ കീഴടക്കേണ്ടതുണ്ടെന്ന കാര്യം ബ്രീട്ടണിലെ മുറെ ആരാധകര്‍ വിസ്മരിക്കുന്നില്ല. |