ന്യൂകാസിലിന്‍റെ ഇംഗ്ലണ്ട് താരം മൈക്കല്‍ ഓവന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മഞ്ചസ്റ്ററുമായി ഓവന്‍ ധാരണയിലെത്തിയെന്നും ഇനി വൈദ്യ പരിശോധനകള്‍ കൂടിയേ ബാക്കിയുള്ളൂവെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് മഞ്ചസ്റ്റര്‍ വക്താവ് വ്യക്തമാക്കിയത്. ഏതാനും അഴ്ചകള്‍ക്കുള്ളില്‍ താന്‍ ന്യൂകാസില്‍ വിടുമെന്ന് ഓവന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് കൂടുമാറുന്നതെന്ന് ഓവന്‍ വ്യക്തമാക്കിയിരുന്നില്ല. തന്‍റെ മേല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും മുന്‍ ലിവര്‍പൂള്‍ താരവും 2001ലെ യൂറോപ്യന്‍ ഫുട്ബോളറുമായ ഓവന്‍ വ്യക്തമാക്കി. വിദേശത്തു നിന്നും സ്വദേശത്തു നിന്നും തനിക്ക് വാഗ്ദാനങ്ങളുണ്ടെന്നും ഓവന്‍ പറഞ്ഞിരുന്നു.
ലിവര്‍പൂള്‍ താരമായിരുന്ന ഓവന്‍ അപാരമാരമായ ഫിനിഷിംഗ് പാടവം കൊണ്ട് അതിവേഗമാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ 2004ല്‍ ലിവര്‍പൂളില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഓവന് പരിക്കും ഫോമില്ലായ്മയുംമൂലം മിക്കവാറും മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നതോടെ കരിയര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് 2005ലാണ് ഓവന്‍ ന്യൂകാസിലേക്ക് മാറിയത്.അതിനുശേഷം ഓവനെ ദേശീയ ടിമിലേക്കും പരിഗണിച്ചിരുന്നില്ല. |