വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമന്‍റിന്‍റെ വനിതാ വിഭാഗം സിംഗിള്‍സ് സെമിയില്‍ എലിന ഡെമന്‍റീവയെ അടിയറവ് പറയിച്ച് സെറീന വില്യംസ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീന ഡെമന്‍റീവയെ അടിയറവ് പറയിച്ചത്. സ്കോര്‍: 6 - 7, 7 - 5 , 8 - 6.
ആദ്യ സെറ്റ് മുതല്‍ ആവേശം വിതറിയ മത്സരത്തില്‍ മിന്നുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. ശക്തമായ സെര്‍വുകള്‍കൊണ്ട് ഇരുവരും ആക്രമിച്ച് കളിച്ച ആദ്യസെറ്റ് സെറീനയെ മുട്ടുകുത്തിച്ച് എലീന ഡെമന്‍റീവ നേടി. ടൈബ്രേക്കറിലായിരുന്നു ഡെമന്‍റീവയുടെ വിജയം. അവസാന നിമിഷം ഒരു ചെറിയ പിഴവ് സെറീനയ്ക്ക് വിനയായി.
രണ്ടാം സെറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ച് കളിച്ച സെറീന ഡെമന്‍റീവയെ മുട്ടുകുത്തിച്ചു. ആദ്യ പോയിന്‍റ് സെറീന നേടിയെങ്കിലും കരുതിക്കളിച്ച ഡെമന്‍റീവ വൈകാതെ 5 - 5 എന്ന സമനില നേടി സെറീനയെ ഞെട്ടിച്ചു. കളി കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷത്തില്‍ സെറീന തുടര്‍ച്ചയായി രണ്ട് സെര്‍വുകള്‍ നേടി സെറ്റ് കരസ്ഥമാക്കി. മൂന്നാം സെറ്റില്‍ ആദ്യ മുന്‍തൂക്കം ഡെമന്‍റീവയ്ക്കായിരുന്നു. 3 - 1 എന്ന നിലയില്‍ മുന്നേറിയ ഡെമന്‍റീവയ്ക്കെതിരെ ശക്തമായ സെര്‍വുകള്‍ തൊടുത്ത സെറീന സമനില പിടിച്ചു. അവസാന നിമിഷം ഡെമന്‍റീവയെ തകര്‍ത്ത് സെറീന വിംബിള്‍ഡണ്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ബെലാറസിന്‍റെ വിക്റ്റോറിയ അസരെങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന വില്യംസ് സെമിയില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയവോണയെ തോല്‍പ്പിച്ചാണ് റഷ്യയുടെ എലീന ഡെമന്‍റീവ തുടര്‍ച്ചയായി രണ്ടാം തവണയും സെമിയിലെത്തിയത്. ദിനാറ സഫീന - വീനസ് വില്യംസ് മത്സരത്തിലെ വിജയിയെയാണ് സെറീന ഫൈനലില്‍ നേരിടുക.
നേരത്തെ മൂന്നുതവണ വില്യംസ് സഹോദരിമാര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടിയിരുന്നു. ഇതില്‍ രണ്ടു തവണ സെറീന ജയിച്ചപ്പോള്‍ ഒരു തവണ വിജയം വീനസിനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിംബിള്‍ഡണില്‍ മുത്തമിട്ട വീനസ് ഇത്തവണ ഹാട്രിക്ക് കിരീടം തേടിയാണ് ഇറങ്ങുന്നത്. |